Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എലിപ്പനിയും മലയാളിയുടെ ഉറക്കം കെടുത്തുന്നു; ജാഗ്രത!

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എലിപ്പനിയും മലയാളിയുടെ ഉറക്കം കെടുത്തുന്നു. ഡെങ്കിപ്പനിയ്ക്ക് പിന്നാലെയാണ് എലിപ്പനി ഭീഷണി മുഴക്കി കടന്നു വരുന്നത്. രോഗികളുടെ എണ്ണം കുറവാണെങ്കിലും ആരോഗ്യത്തിന് ഭീഷണി എലിപ്പനിയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാലമായതോടെ വിവിധയിടങ്ങളില്‍ മലിനജലം കെട്ടിക്കിടക്കുന്നതാണ് എലിപ്പനി പടരാന്‍ മുഖ്യകാരണം.

എലിയുടെയോ കന്നുകാലിയുടെയോ മൂത്രത്തിലൂടെയാണ് ലെക്ടോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യശരീരത്തിലെ മുറിവിലൂടെ അകത്ത് കയറിപ്പറ്റുക. ഡെങ്കിപ്പനിയേക്കാള്‍ മാരകമായി ആന്തരീകാവയവങ്ങളെ എലിപ്പനി ബാധിക്കും.

ശരീരവേദനയും പനിയുമായാണ് തുടക്കം. അപ്പോഴേ ചികിത്സിച്ചില്ലെങ്കില്‍ രോഗം കിഡ്നിയെയും കരളിനെയും ബാധിക്കാം. തൊഴിലുറപ്പ് ജോലിക്കാര്‍, പാടത്തെ പണിക്കാര്‍, കന്നുകാലികളെ പരിപാലിക്കുന്നവര്‍ എന്നിങ്ങനെ മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവര്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ ആഴ്ചയില്‍ ഒരിക്കല്‍ രണ്ട് ഗുളിക കഴിക്കണം. പനി വന്നാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കരുത്. വേദനാസംഹാരി വേദനയും രോഗലക്ഷണവും കുറയ്ക്കും. അതോടൊപ്പം രക്തത്തിലെ കൗണ്ടും കുറയുന്നത് കുറച്ച്‌ ദിവസത്തിനുള്ളില്‍ രോഗം മാരകമാക്കാന്‍ സാധ്യതയുണ്ട്.

കണ്ണിലെ ചുവപ്പ്, ശരീരത്തിലെ ചുവന്ന തടിപ്പുകള്‍, രക്തസമ്മര്‍ദ്ദത്തിലെ വ്യത്യാസം എന്നിവ രോഗം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

ചെയ്യേണ്ടത്

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

സ്വയം ചികിത്സ അരുത്

പൂര്‍ണ്ണ വിശ്രമം നിര്‍ബന്ധം

മലിനജലവുമായി സമ്ബര്‍ക്കമുള്ളവര്‍ പ്രതിരോധ മരുന്ന് കഴിക്കണം

ജനുവരി 1 മുതല്‍ ജൂണ്‍ 23 വരെയുള്ള കണക്ക്

രോഗം – രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ – സംശയിക്കപ്പെടുന്നവര്‍

ഡെങ്കിപ്പനി – 108 – 1376

എലിപ്പനി – 4 – 83

” തുടക്കത്തില്‍ മരുന്ന് കൊണ്ട് തന്നെ ഭേദമാകുന്ന രോഗമാണ് എലിപ്പനി. പലരും അശ്രദ്ധയോടെയാണ് പനിയെ കൈകാര്യം ചെയ്യുന്നത്. കൊവിഡ് കാലമായതിനാല്‍ ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാനാണ് പലരും സ്വയം ചികിത്സ ചെയ്യുന്നത്. രോഗലക്ഷണം കുറഞ്ഞാലും കൂടുതല്‍ ടെസ്റ്റുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ചെയ്യണം.”

ഡോ.വിനോദ്

ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍

എറണാകുളം

shortlink

Related Articles

Post Your Comments

Related Articles


Back to top button