തിരുവനന്തപുരം • ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ വര്‍ഷങ്ങളായി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് ആവശ്യമുള്ള സ്ഥലം ഏറ്റെടുത്തിട്ട് ബാക്കിവരുന്ന ഭൂമി ഭൂരഹിതരായ കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3 ഏക്കര്‍ വീതം കൃഷിക്കായി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും ചെറുവള്ളി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്നവരുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പ് തീവെട്ടിക്കൊള്ളയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഭരണത്തിന്‍റെ അവസാന കാലത്ത് സംസ്ഥാനത്ത് കടുംവെട്ട് നടത്താനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണ് ശബരിമല വിമാനത്താവളത്തിന്‍റെ പേരിലുള്ള പുതിയ കച്ചവടം എന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനി കേവലം 6 മാസം മാത്രം ബാക്കി നിലനില്‍ക്കെ ശബരിമല വിമാനത്താവളവുമായി ഈ സമയത്ത് ഇറങ്ങിപ്പുറപ്പെട്ടതിന്‍റെ ലക്ഷ്യം കോടികള്‍ കൊയ്യാനുള്ള കുടിലതന്ത്രം മാത്രമാണ്. ശബരിമല വിമാനത്താവളത്തിന് വേണ്ടി 4 വര്‍ഷം ഒരു ചെറുവിരല്‍ പോലും അനക്കാതെ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ നിഗൂഢതയുണ്ട്.
ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ധവളപത്രം പുറപ്പെടുവിക്കണം.
ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ വര്‍ഷങ്ങളായി അനധികൃതമായി കൈവശം വച്ച് റബ്ബര്‍ പ്ലാന്‍റേഷന്‍ നടത്തുകയും സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി വില്‍പ്പന നടത്തി കോടികള്‍ കൈക്കലാക്കുകയും ചെയ്തിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ കണ്ണടച്ച് ഹാരിസണെ കയറൂരി വിടുകയാണ് ചെയ്തത്. ഇനിയും ഈ കള്ളക്കളി നടത്താന്‍ അനുവദിക്കില്ലെന്നും ഭൂരഹിതരായ ആയിരങ്ങള്‍ ഒരുതുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ സര്‍ക്കാരും, ഹാരിസണും ഒത്തുകളിച്ച് ബിലീവേവ്സ് ചര്‍ച്ച്കാരില്‍ നിന്നും വിലയ്ക്ക് വാങ്ങുന്ന നാടകം അരങ്ങേറുന്നത് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നതാണ്.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം നിര്‍മ്മിക്കുന്നതിന് കാലാവധി കഴിയാന്‍ പോകുന്ന പിണറായി സര്‍ക്കാരിന്‍റെ നീക്കം വെറും രാഷ്ട്രീയ പാപ്പരത്തം മാത്രമാണ്. 2021 മെയില്‍ അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന്‍റെ നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Post Your Comments