COVID 19KeralaLatest NewsNews

കൊറോണ പരിരക്ഷയ്ക്കായി സൗജന്യ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം സ്വാസ്ഥ് അവതരിപ്പിച്ചു

കോട്ടയം : കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷലിസ്റ്റുകള്‍ ചേര്‍ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസില്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ടെലിമെഡിസിന്‍ ദേശീയ തലത്തിലെ മുന്‍ഗണനയായി പ്രയോജനപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് രാജ്യത്തെ ആരോഗ്യ, സാങ്കേതികവിദ്യാ മുന്‍നിരക്കാര്‍ നടത്തുന്ന അതിവേഗ പ്രതികരണമാണ് സ്വാസ്ഥ്. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായോ സാമ്പത്തികമായോ ഉള്ള വ്യത്യാസമില്ലാതെ തുല്യവും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സാങ്കേതികവിദ്യാ ശക്തി പ്രയോജനപ്പെടുത്തിയുള്ള ഈ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം. വീഡിയോ, ടെലഫോണി തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും രോഗികളും തമ്മില്‍ തടസമില്ലാത്ത വിദൂര ആശയ വിനിമയമാണ് സ്വാസ്ഥ് സാധ്യമാക്കുന്നത്. പരിചരണം നിര്‍ണയിക്കാന്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത മുന്‍ഗണനാ ക്രമവും സ്വാസ്ഥ് വിനിയോഗിക്കും. ഡിജിറ്റല്‍ സിഗ്‌നേച്ചറോടുകൂടിയ പ്രിസ്‌ക്രിപ്ക്ഷനും ചികില്‍സാ ഉപദേശവും നല്‍കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി എന്നീ ഭാഷകളാണ് ആപ് പിന്തുണക്കുന്നത്. 25 ഇന്ത്യന്‍ ഭാഷകളിലേക്ക് ഇത് വികസിപ്പിക്കും.

രാജ്യത്തെ ഏറ്റവും മികച്ച ശേഷികളെ ഒരുമിച്ചു കൊണ്ടു വന്ന് ഈ പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം നല്‍കുന്ന സൗജന്യ ആരോഗ്യ സേവനമാണ് സ്വാസ്ഥ് നല്‍കുന്നതെന്ന് സ്വാസ്ഥ് ഗവേണിങ് കൗണ്‍സിലിന്റെ ഭാഗമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊതുജനാരോഗ്യ ലക്ഷ്യങ്ങള്‍ നേടുന്നതിനായി സ്വാസ്ഥ് തുടര്‍ന്നും പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആരോഗ്യ സേവന രംഗത്ത് പുതിയ തുടക്കങ്ങള്‍ കുറിക്കാനുള്ള അവസരമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍മാര്‍, ചെറുതും വലുതുമായ ആശുപത്രികള്‍, രോഗനിര്‍ണയ ലാബുകള്‍, ഫാര്‍മസികള്‍, ടെലിമെഡിസിന്‍ സംവിധാനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ആരോഗ്യ രംഗത്തെ സാങ്കേതികവിദ്യാ കമ്പനികള്‍ തുടങ്ങിയവ അടക്കം ഇന്ത്യന്‍ ആരോഗ്യ സേവന രംഗത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സവിശേഷമായ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയാണ് സ്വാസ്ഥ്.

shortlink

Post Your Comments


Back to top button