പട്ന : ബോളിവുഡ് നടൻ സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യ സിനിമ മേഖലയെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ വ്യവസായ മേഖലകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ബോളിവുഡിലെ സ്വജനപക്ഷപാതം അടക്കം പല വിഷയങ്ങൾ സംബന്ധിച്ചും ചർച്ച ഉയരാൻ ഈ മരണം ഇടയാക്കിയിട്ടുണ്ട്. ബോളിവുഡിൽ പുറത്തു നിന്നു വരുന്ന കഴിവുള്ള കലാകാരന്മാരെ
പുറത്താക്കാൻ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ആരോപണം.
നടന്റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴി കേള്‍ക്കേണ്ടി വന്നത് ബോളിവുഡിലെ തന്നെ സൂപ്പർ താരങ്ങളായ സൽമാന്‍ ഖാനും സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറുമാണ്. സുശാന്തിനെ ബോളിവുഡിൽ ഒതുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഇവരുൾപ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതിയും ഉയർന്നിരുന്നു. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ തന്നെ പല ബോളിവുഡ് പ്രമുഖരുടെയും കോലങ്ങൾ കത്തിച്ച് ആരാധകർ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.
സുശാന്തിന്‍റെ ജന്മനാടായ ബീഹാറിൽ സല്‍മാൻ ഖാന്‍റെ ‘ബീയിംഗ് ഹ്യൂമൺ’സ്റ്റോറിന് മുന്നിലും ആളുകൾ പ്രതിഷേധവും ആയി എത്തിയിരുന്നു. സ്റ്റോറിന് മുന്നിലെ വലിയ ബോർഡിൽ നിന്ന് സല്‍മാൻ ഖാന്‍റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു. സുശാന്തിന്‍റെ മരണം ബോളിവുഡിന്‍റെയും സൂപ്പർ താരങ്ങളുടെയടക്കം വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന തരത്തിൽ നിരവധി ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ശക്തമായ വിമർശനം തന്നെയാണ് പല പ്രമുഖ താരങ്ങൾക്ക് നേരെയും സോഷ്യല്‍ മീഡിയയിൽ ഉയരുന്നത്.
Post Your Comments