ന്യൂഡൽഹി : കോവിഡ് ചികിത്സയിലുള്ള ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ. പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കാനാണ് സത്യേന്ദ്ര ജയിനെ സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ശ്വാസകോശത്തിൽ അണുബാധ വർധിച്ചതിനാൽ ഓക്സിജൻ സഹായവും നൽകുന്നുണ്ട്.
ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിടുന്നതിനാലാണ് ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി വെള്ളിയാഴ്ച സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസംമുട്ടലുമായി ചൊവ്വാഴ്ച ആശുപത്രിയിലായ അദ്ദേഹത്തിന്റെ ആദ്യ കോവിഡ് ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. ഓക്സിജൻ നില വളരെ താഴ്ന്നതോടെ ഇന്നലെ രാവിലെ മുതൽ ശ്വസനസഹായി ഉപയോഗിക്കുന്നുണ്ട്. ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു ജെയിൻ.
ഞായറാഴ്ച അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ ജയിൻ പങ്കെടുത്തിരുന്നു. സത്യേന്ദർ ജയിൻ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ജയിനിന്‍റെ ആരോഗ്യം മോശമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്.
Post Your Comments