ന്യൂഡല്‍ഹി : സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാൻ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം. കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്‌ജമാകാന്‍ വ്യോമസേനയ്‌ക്കു നിര്‍ദേശം നല്‍കി. നാവികസേനയുടെ കൂടുതല്‍ പടക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒന്നിലധികം തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു.
പിന്മാറ്റത്തിനുണ്ടാക്കിയ ധാരണ ലംഘിച്ച് ചൈന ഗല്‍വാന്‍ താഴ്‌വരയില്‍ അപ്രതീക്ഷിത ആക്രമണത്തിനു തുനിഞ്ഞ സാഹചര്യത്തിലാണു സേനകളുടെ തയാറെടുപ്പ്. അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാനും നടപടിയായി.പട്രോളിങ് പോസ്‌റ്റുകള്‍ ഭദ്രമാക്കിയിരിക്കുന്ന സൈനികര്‍ക്കു കൂടുതല്‍ പിന്‍ബലമൊരുക്കും. ഇനിയൊരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നു വിദേശകാര്യ മന്ത്രിമാരുടെ ടെലിഫോണ്‍ ചര്‍ച്ചയ്‌ക്കു ശേഷം ചൈന അറിയിച്ചിരുന്നു.
എന്നാല്‍, ഗല്‍വാന്‍ നദിക്കപ്പുറമുള്ള പാതയിലൂടെ ചൈനയുടെ നൂറുകണക്കിനു സൈനിക ട്രക്കുകള്‍ നിരനിരയായി എത്തുന്നതിന്റെയും യഥാര്‍ഥ നിയന്ത്രണ രേഖയ്‌ക്ക് (എല്‍.എ.സി) 600 മീറ്റര്‍ അപ്പുറം നൂറിലേറെ കൂടാരങ്ങള്‍ സ്‌ഥാപിച്ചതിന്റെയും ഉപഗ്രഹചിത്രങ്ങള്‍ കൈവശമുള്ള ഇന്ത്യ അതു വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്നലെ മേജര്‍ ജനറല്‍ തലത്തില്‍ നടത്തിയ ചര്‍ച്ച സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.ഇന്ത്യ-ചൈന ബോര്‍ഡര്‍ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടമായി 32 റോഡുകളാണ് ഈ മേഖലയില്‍ നിര്‍മിക്കുന്നത്.
ചൈനയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടെന്നും യുദ്ധകാലാടിസ്‌ഥാനത്തില്‍ പണി തുടരാനും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, കരസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സെന്‍ട്രല്‍ പി.ഡബ്ലു.ഡി. എന്നിവരുടെ സംയുക്‌ത യോഗത്തില്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ലഡാക്ക്, അരുണാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം കരസേനയുടെ മുന്‍നിര താവളങ്ങളും വ്യോമസേനയും യുദ്ധസജ്‌ജമാണ്. യുദ്ധശേഷിയുള്ള ഹെലികോപ്‌ടറുകളുടെ വിന്യാസവും തുടങ്ങി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ് ശക്‌തമാക്കാനും ഇന്തോനീഷ്യയ്‌ക്കു സമീപം ഇന്തോ-പസഫിക് കടലിടുക്കു കേന്ദ്രീകരിച്ചു നീങ്ങാനുമാണു നാവികസേനയ്‌ക്കുള്ള നിര്‍ദേശം. മൂന്നു സേനാമേധാവികളെയും ഏകോപിപ്പിച്ച് സംയുക്‌ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനാണു പടയൊരുക്കത്തിന്റെ ചുമതല.കംഗിക്‌സ്വാറിലേക്കും സൈദുള്ളയിലേക്കും അഭ്യാസപ്രകടനത്തിനെന്ന മട്ടിലെത്തിച്ച സൈനികരെയാണു ചൈന അതിവേഗം ലഡാക്ക് സെക്‌ടറിലേക്കു കൊണ്ടുവന്നത്.
എല്‍.എ.സിക്കരികില്‍ ഇന്ത്യന്‍ പട്രോളിങ് സംഘങ്ങള്‍ തടയുമ്പോള്‍ പിന്തിരിയുന്ന ചൈനീസ് സൈനികര്‍ അതിര്‍ത്തിക്കപ്പുറം തമ്പടിക്കുകയാണ്.അതിനപ്പുറം സൈനിക എന്‍ജീനിയറിങ് വിഭാഗവും തൊട്ടുപിന്നിലായി പീരങ്കികളും ടാങ്കുകളും കവചിത വാഹനങ്ങളും അണിനിരത്തിയതോടെയാണ് മലനിരകളിലെ യുദ്ധത്തില്‍ പ്രത്യേക പരിശീലനമുള്ള സേനായൂണിറ്റുകളെയടക്കം എത്തിച്ച് ഇന്ത്യ തയാറെടുക്കുന്നത്.
അറുപതിലേറെ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുള്ള റൊണാള്‍ഡ് റീഗന്‍, തിയേഡാര്‍ റൂസ്‌വെല്‍റ്റ്, നിമിറ്റ്‌സ് എന്നീ യു.എസ്. വിമാനവാഹിനികള്‍ ഈ മേഖലയിലേക്കു നീങ്ങുന്നുണ്ട്. ചൈന എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്‌ഥ പരന്നു. ഇന്ത്യന്‍ പടക്കപ്പലുകളും ഇവിടേക്കു കേന്ദ്രീകരിക്കുന്നതോടെ സംഘര്‍ഷം കനക്കാനാണു സാധ്യത. അതേസമയം പാകിസ്ഥാൻ അതിർത്തിയിലും കനത്ത ഷെല്ലിങ് നടക്കുകയാണ്. ഇന്ത്യൻ വെടിവെപ്പിൽ പാകിസ്താന്റെ ഭാഗത്ത് കനത്ത ആൾനാശം ഉണ്ടായതായാണ് റിപ്പോർട്ട്.
Post Your Comments