വക്കം: ഒരു കാറ്റടിച്ചാൽ അമ്മയ്ക്കും അഞ്ചാം ക്ളാസുകാരിക്കും പിന്നെ ഉറക്കമില്ല. വക്കം തോപ്പിക്ക വിളാകം റെയില്‍വേ ഗേറ്റിന് സമീപം റെയില്‍വേ പുറമ്പോക്കില്‍ ടാര്‍ പോളിന്‍ ഷീറ്റ് മേഞ്ഞ ചെറ്റക്കുടിലില്‍ കഴിയുന്ന രമയും അഞ്ചാം ക്ലാസുകാരി അഭിരാമിയും ഭീതിയോടെയാണ് രാത്രി വീട്ടില്‍ കഴിയുന്നത്. കാറ്റും മഴയും വന്നാല്‍ ഭീതിയോടെയാണിവര്‍ ഉറങ്ങാതെ ഇരിക്കുന്നത്. നിരാലംബരായ ഈ അമ്മയ്ക്കും മകള്‍ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ഇനിയും അകലെ.
കാറ്റില്‍ മേല്‍ക്കുര പറന്ന് പോകുമെന്ന ഭയമാണിരുവര്‍ക്കും. ഒരു വര്‍ഷം മുന്‍പ് രമയുടെ ഭര്‍ത്താവ് അനി ട്രെയിന്‍ തട്ടി മരിച്ചു. നാലു വര്‍ഷം മുന്‍പ് പള്ളിമുക്കില്‍ വസ്തു ഇല്ലാത്തവര്‍ക്ക് എന്ന പരിഗണനയില്‍ നാല് സെന്റ് വസ്തു പഞ്ചായത്തില്‍ നിന്നും ലഭിച്ചു. അന്ന് മുതല്‍ എല്ലാവര്‍ഷവും വീടിനായി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണീ കുടുംബം. ആശാവര്‍ക്കറായ രമയ്ക്ക് അതില്‍ നിന്ന് കിട്ടുന്ന ഓണറേറിയം മാത്രമാണീ കുടുംബത്തിന്റെ ഏക വരുമാനം.
അതും മാസതോറും കൃത്യമായി ലഭിക്കാറില്ല. ഇതിന് പുറമേ രമയുടെ അമ്മയെ കൂടി വീട്ടില്‍ സംരക്ഷിക്കണം.അഭിരാമി ഇല്ലായ്‌മയിലും നന്നായി പഠിക്കുന്നുണ്ട്. എല്‍.കെ.ജി മുതല്‍ വക്കത്തെ ശിവഗിരി ശാരദ വിദ്യാനികേതന്‍ സ്‌കൂളിലാണ് പഠനാരംഭിച്ചത്. രമയുടെ ദുഃസ്ഥിയറിഞ്ഞ ശിവഗിരി മഠം അഭിരാമിയുടെ പഠന ചെലവിന്റെ ഭൂരിഭാഗവും ഏറ്റെടുത്തു.
ഫീസ്, ബുക്ക് സെറ്റ്, നോട്ട് ബുക്ക് എന്നിവ നല്‍കിയാണ് ശിവഗിരി മഠം അഭിരാമിക്ക് താങ്ങായത്. പഠനം ഓണ്‍ലൈനായതോടെ അഭിരാമിയുടെ പഠനത്തിന് കരിനിഴല്‍ വീണു. ഇതറിഞ്ഞ് സ്കൂളിലെ അദ്ധ്യാപിക ഫോണ്‍ വാങ്ങി അഭിരാമിക്ക് നല്‍കിയിട്ടുണ്ട്.
Post Your Comments