Latest NewsKeralaNews

പ്രവാസികളോട് പിണറായി സർക്കാരിന്റേത് ക്രൂരത: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലെത്താൻ തയ്യാറെടുക്കുന്ന പ്രവാസികളോട് പിണറായി വിജയൻ ക്രൂരത കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രവാസികൾക്ക് നാട്ടിലേക്കെത്താൻ കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഇതിൻ്റെ ഭാഗമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സാങ്കേതിക തടസങ്ങൾ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തിൽ കൊണ്ടുവരണമെന്നും അല്ലാത്തവർക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ അപ്രായോഗികമാണ്. വിദേശ രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റിന് നിബന്ധനകളുണ്ട്.

ഫലം വരാൻ ദിവസങ്ങളെടുക്കും. ഇതൊന്നും നടക്കാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രിക്കും അറിയാം. മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് പ്രവാസികളുടെ വരവ് തടയുകയാണ് സർക്കാർ.

ഇക്കഴിഞ്ഞ മാർച്ച് 12 ന് ഈ സർക്കാർ തന്നെ നിയമസഭയിൽ പ്രമേയം പാസാക്കിയതാണ് യാതൊരു നിബന്ധനകളും ഇല്ലാതെ പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്ന് . രോഗ ലക്ഷണങ്ങളില്ലാത്തവരെ യാതൊരു പരിശോധനയും കൂടാതെ നാട്ടിലെത്തിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്. അതിൽ നിന്ന് ഇപ്പോൾ പിന്നാക്കം പോകുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

വന്ദേ ഭാരത് മിഷനിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. ആയിരക്കണക്കിന് പ്രവാസികളാണിതിൽ വരാനിരിക്കുന്നത്. ഇവരുടെയെല്ലാം യാത്ര തടസപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രമം. വിദേശ രാജ്യങ്ങളിൽ ഓരോ ദിവസവും മലയാളികൾ മരിച്ചു വീഴുന്നത് പിണറായി വിജയൻ കാണുന്നില്ലേ എന്ന് സുരേന്ദ്രൻ ചോദിച്ചു.

കേരളം പ്രതിസന്ധി മറികടക്കാൻ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഒന്നും ചെയ്യാൻ കഴിയാതെ നമ്പർ വൺ ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. കേരളത്തിലേക്കെത്തുന്ന പലരും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം നിരീക്ഷണത്തിൽ പോകേണ്ട ആൾ ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങേണ്ടി വന്നു. സൗകര്യങ്ങളെല്ലാം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ പണം നൽകുന്നില്ല. ക്വാറൻ്റൈൻ ഉൾപ്പടെ ഒരു സൗകര്യവും ഒരുക്കാൻ കഴിയാത്തതിനാലാണ് പ്രവാസികളുടെ വരവ് തടയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button