KeralaLatest NewsNews

ലോക്ക്ഡൗണ്‍ പ്രവാസികളെ കൊണ്ടുവന്നതിന് ശേഷം ആവാമായിരുന്നു: കെ മുരളീധരന്‍ എം.പി

കോഴിക്കോട്: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് പ്രവാസികളെ നാട്ടിലെത്തിച്ച ശേഷം മതിയായിരുന്നു എന്ന് കെ. മുരളീധരന്‍ എം. പി. പറഞ്ഞു. മറ്റു രാജ്യങ്ങള്‍ അങ്ങിനെയാണ് ചെയ്തത്. കേന്ദ്രത്തിന്‍റെ നടപടി പിന്തുടര്‍ന്ന കേരളത്തിനെങ്കിലും ഈ നിലപാട് മാറ്റിയിരുന്നുവെങ്കില്‍ സംസ്ഥാനത്തിന് രോഗമുക്തി നേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് അടിയന്തിരമായി പുനഃരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസികള്‍ മരിച്ചുവീഴും മുമ്പ് നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ ഡവലെപ്മെന്റ് ഫോറം (എം‌ഡി‌എഫ്) കോഴിക്കോട് നോര്‍ക്ക ഓഫീസിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.

എം.ഡി.എഫ് വൈസ് പ്രസിണ്ടന്റ് എസ് എ അബുബക്കര്‍ ആദ്ധ്യക്ഷ്യം വഹിച്ചു. എം.ഡി.എഫ് ഉന്നതാധികാര സമിതി ചെയര്‍മാന്‍ യു.എ നസീര്‍, രക്ഷാധികാരി ഗുലാം ഹുസൈന്‍ കൊളക്കാടന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ ഷൗക്കത്ത് അലി എരോത്ത്, എം.ഡി.എഫ് ഭാരവാഹികളായ ഒ.കെ. മന്‍സൂര്‍, ഇസ്മായില്‍ പുനത്തില്‍, അഡ്വ: പ്രദീപ് കുമാര്‍, കെ.സി. അബ്ദുറഹിമാന്‍, മിനി എസ് നായര്‍, എം.ഡി.എഫ് ദുബൈ ചാപ്റ്റര്‍ സെക്രട്ടറി സഹല്‍ പുറക്കാട്, കാനഡ ചാപ്റ്റര്‍ പ്രസിണ്ടന്റ് വാഹിദ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു

എം.ഡി.എഫ് ഭാരവാഹികളായ അബ്ദുറബ്ബ് നിസ്താര്‍, പി.എ. അസാദ്, സി.എന്‍. അബൂബക്കര്‍, പ്രത്യുരാജ്, സലിം പാറക്കല്‍, സുലൈമാന്‍ കുന്നത്ത്, മരക്കാര്‍ പെരുമണ്ണ, ഒ. അബ്ദുള്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.

താഴെ പറയുന്ന പ്രധാന കാര്യങ്ങള്‍ പ്രവാസി പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.ഡി.എഫ് സമരം സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

• വിദേശ രാജ്യങ്ങളില്‍ മരണപ്പെട്ട കോവിഡ് രോഗികളുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം നല്‍കണം.

• പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പലിശയില്ലാത്ത അടിയന്തിര വായ്പ നല്‍കണം.

• ഇതിന് ഗവണ്മെന്റ് ഗ്യാരന്റി നല്‍കുക (പാസ്പോര്‍ട്ടിന്‍റെ കോപ്പിയും വിസയുടെ കോപ്പിയും മാത്രം നല്‍കിയാല്‍ സഹായം കിട്ടണം)

• പ്രവാസി സംരഭകരെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന വിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി നിരവധി കണ്‍സോഷ്യങ്ങള്‍ രൂപീകരിച്ച് വ്യവസായങ്ങളും വ്യാപാരങ്ങളും ആരംഭിക്കാന്‍ ഗവണ്‍മെന്‍ മുന്‍കൈ എടുക്കണം.

• മടങ്ങിവരുന്ന സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ ലോക മലയാളികളായ വലിയ സംരഭകരെ കൊണ്ട് കേരളത്തില്‍ അവരുടെ സ്ഥാപനങ്ങള്‍ അരംഭിക്കാന്‍ അവസരം നല്‍കണം.

• ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പാവപ്പെട്ട പ്രവാസിക്ക് വീട് വെക്കാന്‍ മുഴുവന്‍ തുകയും പലിശയില്ലാതെ നല്‍കുകയും സബ്സിഡി നല്‍കുകയും ചെയ്യണം.

• പെണ്‍മക്കളെയോ, സഹോദരിമാരെയൊ വിവാഹം കഴിക്കാന്‍ ബാധ്യതയുള്ള പ്രവാസിക്ക് ആവശ്യമുള്ള വിവാഹ ധനസഹായം നല്‍കണം.

• സഹായം നല്‍കാനുള്ള പണം സ്വരൂപിക്കാന്‍ പ്രവാസി സഹായ ഫണ്ട് രുപീകരിക്കണം.

• ഗവണ്മെന്റിന്റെ കൈവശമുള്ള ഹെക്ടര്‍ കണക്കിന് ഭൂമി താല്പര്യമുള്ള പ്രവാസികള്‍ക്ക് കൃഷിക്കായി പാട്ടത്തിന് നല്‍കണം.

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ വീണ്ടും ആവശ്യപ്പെടും. അനുകുല നിലപാടെടുത്തില്ലെങ്കില്‍ എം.ഡി.എഫ് പ്രവാസി കുടുംബംഗങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.ഡി.എഫ് ജന. സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി പറഞ്ഞു.

സമരത്തില്‍ ജന. സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി സ്വാഗതവും, ട്രഷറര്‍ വി.പി. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button