ദുബായ് : ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു യുഎഇയിൽ കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജബൽ അലി ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ്: ശങ്കരൻ അടിയോടി. മാതാവ്: സരോജിനി അമ്മ. ഭാര്യ: പുഷ്പ.
സൗദിയിൽ 28 വർഷമായി സ്വകാര്യ കമ്പനിയിലെ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട മാഞ്ഞാലിക്കര ഓമല്ലൂർ വടക്കേതുണ്ടിൽ ജോസ് ഫിലിപ്പോസ് മാത്യു (57) ആണ് ജുബൈലിൽ മരിച്ചത്. കടുത്ത പനിയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം ഭാര്യ: സുഫി. മക്കൾ: ജെയ്‌സൺ, ജെയ്‌സിബ.
റിയാദിൽ പ്രിൻറിങ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23) ആണ് വെള്ളിയാഴ്ച രാത്രി റിയാദ് മൻസൂരിയയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സാബിറിന് രോഗം ബാധിച്ചത്. കോവിഡിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിലാണ് സാബിർ കഴിഞ്ഞിരുന്നത്. ഒന്നര വർഷം മുമ്പ് കുടുംബം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ സബീർ മാത്രം റിയാദിൽ തുടരുകയും ജോലി ചെയ്യുകയുമായിരുന്നു. പിതാവ് സലാം, മാതാവ്: സുബൈദ. സഹോദരങ്ങൾ: സബീഹ്, സൽവ, സ്വൽഹ
സൗദിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന വടക്കേവിള, പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60) ആണ് ജിദ്ദ നാഷനല്‍ ആശുപത്രിയിൽ മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇദ്ദേഹം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെക്കുന്നതിന് തൊട്ടു മുമ്പാണ്, നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. കൊല്ലത്തു നിന്നും കോഴിക്കോട്ടെത്തി ഏറ്റവും അവസാനമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇദ്ദേഹം മടങ്ങിയത്. പിതാവ്: അബ്ദുൽ റഹ്മാൻ, മാതാവ്: സുബൈദ, ഭാര്യ: റഷീദ.
Post Your Comments