ദോഹ :കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്കെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഏർപ്പെടുത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഒരു സർവീസ് അർഹരായവർക്ക് പൂർണ്ണമായും സൗജന്യമായി ഒരുക്കുമെന്ന് കൾച്ചറൽ ഫോറം ഖത്തർ പ്രഖ്യാപിച്ചു.
വന്ദേഭാരത് ഫ്ലൈറ്റുകളിൽ യാത്രക്ക് അവസരം ലഭിക്കാതെ അത്യാവശ്യമായി യാത്ര ചെയ്യേണ്ട ആയിരക്കണക്കിന് യാത്രക്കാരും ജോലി നഷ്ടവും മറ്റ് പ്രയാസങ്ങളും കാരണം ടിക്കറ്റിനു പോലും പണം കണ്ടെത്താൻ കഴിയാത്തവരും ഉള്ള സാഹചര്യത്തിലാണ് ചാർട്ടേഡ് ഫ്ളൈറ്റും സൗജന്യ സർവീസുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു . നേരത്തെ കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകവുമായി സഹകരിച്ചുകൊണ്ട് 100 പേർക്കുള്ള സൗജന്യ ടിക്കറ്റ് കൾച്ചറൽ ഫോറം പ്രഖ്യാപിക്കുകയും അതിന്റെ വിതരണം വിവിധ ജില്ലാ കമ്മിറ്റികൾ വഴി തുടരുകയും ചെയ്യുന്നുണ്ട്. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ഖത്തർ ) , ബഹുരാഷ്ട്ര ഐ ടി സൊലൂഷൻസ് കമ്പനിയായ അസീം ടെക്നോളജീസ് എന്നിവരും ഈ പദ്ധതിയിൽ കൾച്ചറൽ ഫോറവുമായി സഹകരിക്കും .
കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ അർഹരായ വനിതകൾ, ഓൺ അറൈവൽ വിസ , ബിസിനസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ, ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാർ തുടങ്ങിയ മുൻഗണനകൾ വെച്ച് ഇതിനകം തന്നെ ലഭിച്ച അപേക്ഷകളിൽ ഏറ്റവും അർഹരായ ആളുകളെയാവും സൗജന്യ യാത്രക്ക് വേണ്ടി തിരഞ്ഞെടുക്കുക.
ചാർട്ടേഡ് വിമാന സർവീസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. വിവിധ മന്ത്രാലയങ്ങളിൽ നിന്ന് അനുമതികൾ പൂർത്തിയാക്കി തെരെഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കുന്നതാണ് .
പ്രവാസികളുടെ തിരിച്ചു വരവിനു കുറഞ്ഞ നിരക്കിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തേണ്ട സർക്കാർ, അതിനു ശ്രമിക്കാതെ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും പ്രഖ്യാപിച്ച ചാർട്ടേർഡ് വിമാനങ്ങൾക്ക് തടയിടുന്ന രൂപത്തിൽ എടുക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മാസങ്ങളോളം ജോലിയില്ലാതെയും വാടക നൽകാൻ സാധിക്കാതെയും വെറും കയ്യോടെ ഇരിക്കുന്ന പ്രവാസികൾ തന്നെയാണ് ചാർട്ടേഡ് ഫ്ലൈറ്റ് ഉൾപ്പടെ കിട്ടുന്ന സൗകര്യത്തിൽ എങ്ങിനെയെങ്കിലും നാടണയാൻ ശ്രമിക്കുന്നത് . അസാധ്യമായതും സാങ്കേതികത്വങ്ങളും പറഞ്ഞു പ്രവാസികളുടെ യാത്രക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്ന സർക്കാറുകളുടെ നിലപാട് പ്രവാസി സമൂഹം ചെറുത്തു തോൽപ്പിക്കുമെന്നും കമ്മിറ്റി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു .
ഓണലൈനായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ഡോ :താജ് ആലുവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി , സാദിഖ് ചെന്നാടൻ , ശശിധരപണിക്കർ , തോമസ് സക്കറിയ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റാഫി, മജീദാലി , സുഹൈൽ ശാന്തപുരം , റഷീദ് അഹ്മദ് അബ്ദുൽ ഗഫൂർ എ ആർ , ഷാഫി മൂഴിക്കൽ , ചന്ദ്രമോഹൻ ,അലവിക്കുട്ടി , സഞ്ജയ് ചെറിയാൻ , തസീൻ അമീൻ എന്നിവർ സംസാരിച്ചു.
Post Your Comments