Latest NewsNewsIndia

പ്രശസ്ത ഛായാഗ്രാഹകന്‍ ബി.കണ്ണന്‍ അന്തരിച്ചു

ചെന്നൈ • തമിഴിലും മലയാളത്തിലുമായി അമ്പതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ഛായാഗ്രാഹകൻ ബി.കണ്ണന്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ചെന്നൈയിലായിരുന്നു അന്ത്യം.

സംവിധായകൻ ഭാരതിരാജയുമായുള്ള ദീർഘകാല ബന്ധത്തിന് പേരുകേട്ട ഇദ്ദേഹം ചെയ്ത 50 സിനിമകളില്‍ 40 എണ്ണവും ഭാരതിരാജയോടൊപ്പമായിരുന്നു. അർജുൻ സർജയും നാനാ പടേക്കറും അഭിനയിച്ച ബൊമ്മലാട്ടം (2018) ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മുതിർന്ന ഛായാഗ്രാഹകനെ ചലച്ചിത്രമേഖലയിൽ “ഭാരതിരാജാ‌വിൻ കൺകള്‍” എന്ന് വിളിച്ചിരുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ എ ഭീംസിങ്ങിന്റെ മകനും എഡിറ്റർ ബി ലെനിന്റെ ഇളയ സഹോദരനുമാണ് കണ്ണൻ.

50 ലധികം ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 40 ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് എയ്‌സ് സംവിധായകൻ ഭാരതിരാജയാണ്. ബി കണ്ണന്റെ പെട്ടെന്നുള്ള നിര്യാണം തമിഴ് ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്.

ഇനിയവള്‍ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാതൽ ഓവിയം, മൻ വാസനൈ, പുതുമൈ പെൺ, മുതൽ മര്യാദൈ, ഒരു കൈതിയിൻ ഡയറി, കടലോര കവിതൈകള്‍, കൊടി പറക്കിത്, സൂര സംഹാരം, എൻ ഉയിർ തോഴൻ, നാടോടി തെൻട്രൽ, കിഴക്ക് ചീമയിലേ, കറുത്തമ്മ, പ്രിയങ്ക, സേനാധിപതി, കടൽ പൂക്കള്‍, ലൂട്ടി, കൺകള്‍ കൈത് സെയ്, വിശ്വ തുളസി, ബൊമ്മലാട്ടം, ഉയ്യിൻ ഒസൈ, തഗ്സ് ഓഫ് മാൽഗുഡി തുടങ്ങിയ സിനിമകള്‍ക്കും ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. കോത്ത ജീവിതാലു, സീതകോക ചിലുക, ആരാധന തുടങ്ങിയവയാണ് ക്യാമറ ചെയ്ത തെലുങ്ക് ചിത്രങ്ങൾ.

2001ൽ കടൽപൂക്കള്‍ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരം നേടിയിട്ടുണ്ട്. അലൈകള്‍ ഒയ്‍വത്തില്ലൈ, കൺഗള്‍ കൈത് സെയ് എന്നീ സിനിമകളിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കണ്ണന്‍ ചെന്നൈയിലെ ബോഫ്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ വിഭാഗം മേധാവി ആയിരുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം 6 മണി മുതൽ അൽവാർപേട്ടിലുള്ള വീട്ടിൽ വയ്ക്കും, അന്ത്യകർമങ്ങൾ നാളെ നടത്തും. ഭാര്യ : കാഞ്ചന, രണ്ട് പെൺമക്കൾ, മധുമതി, ജനാനി.

shortlink

Post Your Comments


Back to top button