Latest NewsKeralaIndiaSports

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം : അച്ഛനെ മൂക്കില്‍ ഇടിച്ചുവീഴ്‌ത്തി അബോധാവസ്ഥയിലാക്കിയ ശേഷവും മകൻ മദ്യപാനം തുടര്‍ന്നു

തിരുവനന്തപുരം: മുന്‍ രഞ്ജി താരവും കേരള ക്രിക്കറ്റ് ടീം അംഗവും എസ്.ബി.ടി.യില്‍ ഡി.ജി.എമ്മും ആയിരുന്ന ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന്‍ അശ്വിന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.വാക്കുതര്‍ക്കത്തിന്റെ പേരില്‍ അച്ഛന്‍ ജയമോഹന്‍ തമ്പിയെ മൂക്കില്‍ ഇടിച്ചുവീഴ്‌ത്തി അബോധാവസ്ഥയിലാക്കിയതിന് പിന്നാലെ മദ്യക്കുപ്പിയുമായി അശ്വിന്‍ സ്വന്തം മുറിയിലേക്ക് പോയി മദ്യപാനം തുടര്‍ന്നു.

ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30നാണ്‌ ജയമോഹന്‍ തമ്പിയും അശ്വിനും ഇയാളുടെ കൂട്ടുകാരനും ചേര്‍ന്ന്‌ മദ്യപാനം തുടങ്ങിയത്‌. ഇതിനിടെയാണ്‌ പണത്തെച്ചൊല്ലി ബഹളമുണ്ടായത്. ഷെഫായി ജോലി നോക്കിയിരുന്ന അശ്വിന്‍ ലോക്ക് ഡൗണ്‍ ആയതോടെ മദ്യപിക്കാന്‍ പണത്തിന് വേണ്ടിയാണ് അച്ഛനുമായി വഴക്ക് കൂടിയത്. പരിക്കേറ്റ്‌ കിടന്ന അച്ഛനെ ഈ മുറിയില്‍ നിന്ന്‌ ഹാളിലാക്കിയതും അശ്വിനായിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ സ്വന്തം മുറിയില്‍ പോയി മദ്യപാനം തുടര്‍ന്നു.

അച്ഛന്‍ മരിച്ച്‌ കിടക്കുമ്പോഴും ഇയാള്‍ മദ്യപിക്കുകയായിരുന്നു.മരണവിവരം അറിഞ്ഞ്‌ പൊലീസ്‌ എത്തുമ്പോഴും അശ്വിന്‍ മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. അതിനാല്‍ മൃതദേഹത്തില്‍ നിന്ന്‌ വമിച്ച ദുര്‍ഗന്ധം പോലും ഇയാള്‍ അറിഞ്ഞില്ല. തിങ്കളാഴ്‌ച പ്രാഥമികമായി ചോദ്യം ചെയ്‌തെങ്കിലും വൈകിട്ടോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.നെറ്റിയിലെ ആഴമുളള മുറിവാണ് ജയമോഹന്റെ മരണകാരണമായത്.

കുവൈറ്റില്‍ ഷെഫായിരുന്ന അശ്വിന്‍ ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം. അശ്വിന്റെ ഭാര്യ അഞ്ച്‌ മാസത്തിന്‌ മുമ്ബ്‌ സ്വന്തം നാട്ടിലേക്ക്‌ പോയിരുന്നു. അശ്വിന്റെ മുറിയില്‍ നിന്ന്‌ നിരവധി മദ്യക്കുപ്പികള്‍ പൊലീസ്‌ കണ്ടെടുത്തു.മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: പരേതയായ അനിത. എസ്.ബി.ഐ ജീവനക്കാരനായ ആഷിക് മോഹനാണ് മറ്റൊരു മകന്‍. മരുമക്കള്‍: മേഘ, ജൂഹി.

ആലപ്പുഴ സ്വദേശിയായ ജയമോഹന്‍ 1982-84 കാലഘട്ടത്തില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. ജൂനിയര്‍ തലത്തില്‍ സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ജയമോഹന്‍ തമ്പി . എസ്.ബി.ടി.യില്‍ ഔദ്യോഗികജീവിതം തുടങ്ങിയ ജയമോഹന്‍ ബാങ്ക് ടീമിനുവേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

shortlink

Post Your Comments


Back to top button