കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മരണമാണ് ഇപ്പോള്‍ സംസ്ഥാനത്ത് വിവാദമായിരിക്കുന്നത്. കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി അഞ്ജു പി ഷാജിയുടെ മരണമാണ് വലിയ പ്രതിഷേധമായി മാറിയിരിക്കുന്നത്. കോപ്പിയടിച്ചുവെന്ന പേരില്‍ പിടിക്കപ്പെട്ടതില്‍ മനം നൊന്താണ് അഞ്ജു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസും കോളേജ് അധികൃതരും പറയുന്നത്. എന്നാല്‍ തങ്ങളുടെ മകള്‍ ഒരിയ്ക്കലും കോപ്പിയടിയ്ക്കില്ലെന്ന് മാതാപിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചിരിക്കുന്നത്. ആര്‍ക്കാണ് തെറ്റുപറ്റിയിരിക്കുന്നത്. ഇതെല്ലാം ചേര്‍ത്തുവെച്ച് അഞ്ജുവിന്റെ മരണത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
read also : അഞ്ജുവിന്റെ മരണം; കോളജ് മാനേജ്‌മെന്റിനെ സഹായിക്കാനാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കുടുംബം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കോപ്പിയടിച്ചുവെന്ന പേരില്‍ പിടിക്കപ്പെട്ടതില്‍ മനം നൊന്തു ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത. നിജ സ്ഥിതി തര്‍ക്ക വിഷയമാണ്.
വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ചില കുട്ടികള്‍ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തില്‍ പെരുമാറാന്‍. രക്ഷകര്‍ത്താക്കളെ ഇത്തരം സന്ദര്‍ഭത്തില്‍ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും. ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള പഴുത് നല്‍കി വേണം ഇടപെടലുകള്‍ നടത്താന്‍
മാനുഷിക വശം കൂടി പരിഗണിച്ചു കൃത്യമായ ഒരു നടപടി ക്രമം വേണമെന്ന സൂചനയാണ് ഈ സംഭവത്തില്‍ വന്ന വീഴ്ചകള്‍ ചൂണ്ടി കാണിക്കുന്നത്. സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സിസിടിവി ദൃശ്യങ്ങള്‍ പൊതു സമൂഹത്തിന്റെ മുന്‍പിലേക്ക് എറിഞ്ഞു കൊടുത്തതും ഒരു വലിയ വീഴ്ചയാണ്. പൊലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍ ഇങ്ങനെ സ്വയം പൊലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്.
കുട്ടികള്‍ കോപ്പി അടിക്കുന്നത് പല തരം ഉള്‍പ്രേരണകള്‍ മൂലമാണ്. പഠിക്കുന്ന കുട്ടികള്‍ പോലും കുട്ടുകാര്‍ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്. എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമം ഉണ്ടാകണം. തിരുത്താനുള്ള ഉത്തേജനം നല്‍കണം. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെട്ടാല്‍ അതൊരു വധ ശിക്ഷയായി മാറും. സ്വഭാവത്തെ തകര്‍ക്കും.
Post Your Comments