കൊല്ലം : ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവായി ഡിഎന്‍എ പരിശോധനാഫലം. ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്ക്കങ്ങളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്. ഇതോടെ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.
സൂരജ് പാമ്പിനെ പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടുവന്നു മുറിയില്‍ തുറന്നുവിട്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന ഇതോടെ കൂടുതല്‍ വ്യക്തമാകുകയാണ്. രണ്ടാം പ്രതി ചാവര്‍കോട് സുരേഷില്‍ നിന്നും അണലിയെ വാങ്ങി കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും സുരേഷില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ വാങ്ങി മേയ് ആറിന് അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരിലെ ഉത്രയുടെ വീട്ടിലെത്തി സൂരജ് ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു.
Post Your Comments