KeralaLatest NewsNews

കേന്ദ്ര പദ്ധതികള്‍ കേരളസര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ജനോപകാര പദ്ധതികള്‍ പലതും കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അംഗങ്ങളെ ചേര്‍ക്കാന്‍ അനുവദിക്കാതെ സംസ്ഥാന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കേന്ദ്രസഹായം തടയുകയാണെന്ന് സുരേന്ദ്രന്‍ വെബ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൃഷിവകുപ്പിന്റെ വിവിധ ഓഫീസുകളില്‍ കിസാന്‍ സമ്മാന്‍ നിധിക്കായുള്ളതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ളതും ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കേരളത്തിലെ 30 ലക്ഷം കൃഷിക്കാര്‍ മാത്രമാണ് കിസാന്‍സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ളത്. 60 ലക്ഷം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടപ്പോഴാണിത്. ഒരു സെന്റ് ഭൂമിയുള്ളവര്‍ക്കു പോലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെന്നിരിക്കെ സംസ്ഥാനത്തിന്റെ അലംഭാവം മൂലം അത് ലഭിക്കാത്ത സ്ഥിതിയാണ്. ജന്‍ധന്‍ യോജനയുടെയും ആയുഷ്മാന്‍ ഭാരതിന്റെയും കാര്യത്തിലും ഇതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെത്. ജന്‍ധന്‍ യോജന അക്കൗണ്ടുകളാരംഭിക്കാന്‍ കേരളം യാതൊരു സഹായവും പാവപ്പെട്ടവര്‍ക്ക് നല്‍കിയില്ലെന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കിയ ഘട്ടത്തിലും സംസ്ഥാനം പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. കേരളം തീരുമാനമെടുക്കുന്നത് വൈകിയതിലൂടെ ലക്ഷക്കണക്കിന് പാവങ്ങള്‍ക്കാണ് ചികിത്സാ സഹായം നിഷേധിക്കപ്പെട്ടത്.

മുമ്പ് ഒരു കാലത്തും ലഭിക്കാത്ത പരിഗണനയാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതി വിഹിതം ഇനത്തിലും നികുതി വിഹിതമായും പ്രളയ ദുരിതാശ്വാസ സഹായ പദ്ധതികളായും സഹായം ലഭിച്ചു. ചരിത്രത്തിലാദ്യമായി റെവന്യു കമ്മി കുറയ്ക്കാന്‍ സംസ്ഥാനത്തിന് 4500 കോടിയിലധികം രൂപ ലഭിച്ചു. കൊറോണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നബാര്‍ഡ് വഴി കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിനായി കേരളത്തിന് ലഭിച്ചത് 2500 കോടിരൂപയാണ്. രാജ്യത്ത് മൊത്തം അനുവദിച്ച തുകയില്‍ കേരളത്തിന് മാത്രമായി പത്തു ശതമാനം ലഭിച്ചു. വിവിധ ടൂറിസം പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 500 കോടിയിലധികം രൂപയാണ് കേരള ടൂറിസം വകുപ്പ് ചെലവഴിക്കാതെ പാഴാക്കി കളഞ്ഞത്. കേരളത്തിന്റെ അഭിമാന പദ്ധതികളായിരുന്ന ശബരിമല, ശിവഗിരി പദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത്. ശബരിമല സര്‍ക്യൂട്ട് വികസനത്തിനായി 2017ല്‍ കേരളത്തിന് നല്‍കിയ 99.99 കേടിയില്‍ നയാപൈസ ചെലവഴിച്ചില്ല. കണ്ണൂരില്‍ സിപിഎമ്മുകാരാല്‍ നടത്തപ്പെടുന്ന ടൂറിസം പദ്ധതിക്കായി നല്‍കിയ പണം പോലും ചെലവഴിക്കാനായില്ല.

കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുമ്പോഴും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് കൈയയച്ച് സഹായം നല്‍കുകയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button