ബീജിംഗ് : ചൈന ഇനി കീഴടക്കാനൊരുങ്ങുന്നത് അന്യഗ്രഹജീവികളെ . അന്യഗ്രഹ ജീവികള്‍ക്കോ, അന്യഗ്രഹ സൂചനകള്‍ക്കുമായി ഗവേഷകര്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ ഏറ്റവും പുതിയ ദൂരദര്‍ശിനിയും ഇത് തന്നെയാണ് ചെയ്യാന്‍ പോകുന്നത്. ചൈനയുടെ അഞ്ഞൂറ് മീറ്റര്‍ അപ്പേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ ടെലിസ്‌കോപ്പ് (ഫാസ്റ്റ്) സെപ്റ്റംബറില്‍ അന്യഗ്രഹ സിഗ്‌നലുകള്‍ക്കായി തിരയാന്‍ തുടങ്ങുമെന്ന് സ്റ്റേറ്റ് മീഡിയ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈന ടെക്‌സിറ്റി പറയുന്നതനുസരിച്ച്, പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ മനുഷ്യരാശിയെ സഹായിക്കുന്നതിനു പുറമേ തമോദ്വാരങ്ങള്‍, വാതക മേഘങ്ങള്‍, പള്‍സാറുകള്‍, മറ്റ് വിദൂര താരാപഥങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിശാലമായ പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ ദൂരദര്‍ശിനി സഹായിക്കും.
പ്രപഞ്ചത്തിന്റെ ഏതുഭാഗത്തു നിന്നും സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ കെല്‍പ്പുള്ള ടെലസ്‌കോപ്പില്‍ ത്രികോണാകൃതിയിലുള്ള 4500 പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആയിരം പ്രകാശവര്‍ഷം ആഴത്തിലേക്കിറങ്ങി ചെല്ലാന്‍ ടെലസ്‌കോപ്പിനു കഴിയും. അഞ്ച് വര്‍ഷമെടുത്താണ് ചൈന ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് നിര്‍മിച്ചത്. ടെലസ്‌കോപ്പിന്റെ ഹൃദയമായ റെറ്റിന നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ചിരുന്നു. 30000 കിലോഗ്രാം ഭാരമുള്ളതാണ് ഫാസ്റ്റിന്റെ റെറ്റിനയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2003ലാണ് ആദ്യമായി ഈ ബ്രഹ്മാണ്ഡ പദ്ധതിയുടെ ആലോചന ചൈനയില്‍ നടക്കുന്നത്. ടെലസ്‌കോപ്പിന്റെ ആന്റിന വഴിയാണ് ദിശ നിശ്ചയിക്കുക. പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഫാസ്റ്റ് നല്‍കുന്നുണ്ട്. ഒരു സാദാ ടിവി ആന്റിനയോട് സമാനമായ പ്രവര്‍ത്തനരീതിയാണ് ഫാസ്റ്റിന്റേത്. എന്നാല്‍ പ്രപഞ്ചത്തിലെ ഏതു കോണില്‍ നിന്നുമുള്ള സിഗ്‌നലുകളെ സ്വീകരിക്കാന്‍ തക്ക വലുപ്പമാണ് ഫാസ്റ്റ് ദൂരദര്‍ശിനിയെ വ്യത്യസ്തമാക്കുന്നത്. കുറഞ്ഞത് 20-30 വര്‍ഷത്തേക്കെങ്കിലും ഈ ചൈനീസ് ഭീമന്‍ ദൂരദര്‍ശിനിക്ക് ഭൂമിയില്‍ നിന്ന് എതിരാളിയുണ്ടാകില്ല. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ജ്യോതിശാസ്ത്ര ഉപകരണമാണ് ഫാസ്റ്റ്. 120 കോടി യുവാന്‍ (ഏകദേശം 1245 കോടിരൂപ) ആണ് ഈ കൂറ്റന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണ ചെലവ്.
Post Your Comments