കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജമാത്ത്-ഉല്-മുജാഹിദ്ദീന്റെ കൊടും ഭീകരന് അറസ്റ്റില്‍. അബ്ദുള്‍ കരീം ഏലിയാസ് ബോറോ കരീം എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്. 2013ല്‍ നടന്ന ബോധ് ഗയ സ്ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയാണ് ജമാത്ത്-ഉല്-മുജാഹിദ്ദീന്‍(ജെഎംബി). ജമാത്ത്-ഉല്-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ മൂന്നാമനാണിയാള് എന്നാണ് സൂചന. പോലീസ് ഏറെ നാളായി തെരയുന്ന ഇയാള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കരീം കൊറോണ വ്യാപനത്തെ തുടർന്ന് മറ്റ് കുടിയേറ്റ തൊഴിലാളികൾക്ക് ഒപ്പം തിരികെ ബംഗാളിലെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കുറെ നാളുകളായി ഇയാളുടെ ഫോണ്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ലോക്ക് ഡൗണില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ആറ് മാസത്തോളം വിവിധ സംസ്ഥാനങ്ങളില്‍ തങ്ങി പണം സമ്പാദിച്ച ശേഷം ഇയാള്‍ തിരികെ നാട്ടിലെത്തുകയാണ് പതിവെന്ന് അധികൃതര്‍ അറിയിച്ചു.പിടിയിലായ ഭീകരൻ അബ്ദുൽ കരീം ജമാഅത് ഉൾ മുജാഹിദിന്റെ ദുലിയൻ മൊഡ്യുലിന്റെ തലവനും തീവ്രവാദികൾക്ക് ആയുധങ്ങളും ഒളിച്ചു താമസിക്കാനുള്ള താവളങ്ങൾ ഒരുക്കി നൽകുന്നതിലും വിദഗ്ദൻ ആണെന്ന് പോലീസ് പറഞ്ഞു.
ബംഗ്ളാദേശിൽ ഉള്ള ഇയാളുടെ വീട്ടിൽ 2018 ൽ നടത്തിയ ഒരു പോലീസ് പരിശോധനയിൽ വൻ തോതിൽ ആയുധ ശേഖരം പിടികൂടിയിരുന്നു. അന്ന് അവിടെ നിന്ന് രക്ഷപെട്ട ഇയാൾ പശ്ചിമ ബംഗാളിൽ തന്റെ പുതിയ താവളം ഒരുക്കുകയായിരുന്നു.മുൻ ബംഗ്ളാദേശ് രാഷ്ട്രപതി മുജീബ് ഉർ റഹ്മാന്റെ കൊലയാളി അബ്ദുൾ മജീദ് ഒളിച്ചു താമസിച്ചതും പശ്ചിമ ബംഗാളിൽ ആയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങിയ ഇയാളെ ബംഗ്ളാദേശ് പോലീസ് കഴിഞ്ഞ മാസം പിടികൂടി വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.
Post Your Comments