തിരുവനന്തപുരം • നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനം അധികമാകുന്ന മേഖലകളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഉൾപ്പെടെ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. വ്യാഴാഴ്ച 84 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഈ ആഴ്ചയിൽ 355 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മേയ് പത്ത് മുതൽ 23 വരെയുള്ള കണക്കനുസരിച്ച് 289 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. മേയ് പത്തു വരെയുള്ള 644 കേസുകളിൽ 65 എണ്ണമായിരുന്നു സമ്പർക്കത്തിലൂടെ ബാധിച്ചത്. ഇപ്പോൾ ചികിത്‌സയിലുള്ള 577 പേരിൽ സമ്പർക്കത്തിലൂടെ ബാധിച്ചത് 45 പേർക്കാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കുന്നതിന് ഓഗ്‌മെന്റഡ് ടെസ്റ്റ് നടത്തി. ഇതിൽ നാലു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായതായി കണ്ടത്. സെന്റിനൽ സർവൈലൈൻസിന്റെ ഭാഗമായി നടത്തിയ സാമ്പിൾ പരിശോധനയിലും നാലു പേരെയാണ് സമ്പർക്കത്തിലൂടെ ബാധിച്ചതായി കണ്ടെത്തിയത്. തിരിച്ചെത്തിയ പ്രവാസികളിൽ സെന്റിനൽ സർവൈലൈൻസിന്റെ ഭാഗമായി നടത്തിയ പൂൾഡ് പരിശോധനയിൽ 29 പേർ പോസിറ്റീവായി. ഈ കണക്കുകൾ കേരളത്തിൽ സമൂഹവ്യാപനം ഇല്ലെന്ന് വ്യക്തമാക്കുന്നു.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിച്ചാൽ ഇപ്പോഴുള്ള നിയന്ത്രണം പോരാതെ വരും. കണ്ണൂർ ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ ശരാശരി സംസ്ഥാനത്തിന്റേതിനേക്കാൾ കൂടുതലാണ്. സംസ്ഥാനത്ത് 10 ശതമാനം പേർക്ക് വരുമ്പോൾ കണ്ണൂരിൽ 20 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടാകുന്നു. കണ്ണൂരിൽ നിലവിലുള്ള 93 കേസുകളിൽ 19 എണ്ണം സമ്പർക്കത്തിലൂടെയാണ്. അവിടെ കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടി വരും.
കേരളത്തിൽ 2019 ജനുവരി ഒന്നുമുതൽ മെയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതേ കാലയളവിൽ 73,155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് മരണസംഖ്യ 20,562 കുറഞ്ഞു. ഈ ജനുവരി അവസാനമാണ് കോവിഡ് ബാധ കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. സമൂഹവ്യാപനമുണ്ടെങ്കിൽ ഇതായിരിക്കില്ല സ്ഥിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments