തിരുവനന്തപുരം: കടൽ ക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങാൻ ശ്രമിച്ച മത്സ്യതൊഴിലാളികളെ തീരദേശ പൊലീസ് വിരട്ടിയോടിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കടൽ ക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജൂൺ നാല് വരെ മത്സ്യതൊഴിലാളികൾ കടലിലിറങ്ങരുതെന്നും മത്സ്യബന്ധനം പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിരുന്നു.
വിലക്ക് വന്നതോടെ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾ കടലിലിറങ്ങിയില്ല. ഇതിനിടെ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ ജില്ലയിലെ മറ്റ് തീരദേശ മേഖലകളിൽ നിന്നും 200ലേറെ മത്സ്യതൊഴിലാളികൾ 50 ഓളം മത്സ്യബന്ധനയാനങ്ങളുമായി വിഴിഞ്ഞത്തെത്തി. ഇവരെ വിലക്ക് ചൂണ്ടിക്കാട്ടി പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചതോടെ ചിലർ മടങ്ങിയെങ്കിലും മറ്റ് ചിലർ വിലക്ക് മറികടന്ന് കടലിലിറങ്ങാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെയാണ് എസ്.ഐ.ഷാനിബാസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് മത്സ്യതൊഴിലാളികളെ വിരട്ടിയോടിച്ചത്. വിലക്ക് ലംഘിച്ച് ആരെങ്കിലും മത്സ്യബന്ധനത്തിനിറങ്ങിയിട്ടുണ്ടെങ്കിൽ മത്സ്യം അടക്കം അവരുടെ മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്നും വിലക്ക് ലംഘിച്ച് പോകുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും കോസ്റ്റൽ പൊലീസ് എസ്.ഐ അറിയിച്ചു.
Post Your Comments