Latest NewsIndia

മഹാരാഷ്ട്രയില്‍ ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

ബെംഗളൂരു: മഹാരാഷ്ട്രയില്‍ സന്യാസിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . കൊലപാതകം നടന്ന് നാലു മണിക്കൂറിനു ശേഷം തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതി സായിനാഥ് ലിംഗാരെ(25)യെ പോലീസ് പിടികൂടി. മഹാരാഷ്ട്ര നന്‍ഡേഡ് നാഗത്താന ലിംഗായത്ത് ആശ്രമ മഠാധിപതി സ്വാമി ശിവാചാര്യ നിര്‍വാണരുദ്ര പുഷ്പാദിനാഥ് മഹാരാജ്, സഹായി ഭഗവാന്‍ ഷിന്‍ഡെ എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് കൊല്ലപ്പെട്ടത്.

ഷിന്‍ഡയെ കൊലപ്പെടുത്തി മൃതദേഹം ബാത്ത്‌റൂമിലാക്കിയ ശേഷമാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി വിജയകുമാര്‍ മഗര്‍ പറഞ്ഞു.സ്വാമിയുടെ മൃതദേഹവുമായി ആശ്രമത്തിന്റെ കാറില്‍ രക്ഷപെടാനായിരുന്നു പ്രതിയുടെ നീക്കം. പക്ഷെ, കാര്‍ ആശ്രമത്തിന്റെ ഗേറ്റിലിടിച്ചു. ഇതോടെ സമീപവാസികള്‍ ഉണര്‍ന്നു. ഇവര്‍ പുറത്തിറങ്ങിയതോടെ പ്രതി കാര്‍ ഉപേക്ഷിച്ച്‌ ബൈക്കില്‍ രക്ഷപെട്ടു. സമീപവാസികളാണ് കാറിനുള്ളില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ രക്ഷപെടുന്നതിനിടെ ആശ്രമത്തിലെ സുരക്ഷാജീവനക്കാരന്‍ അതേ ഗ്രാമവാസിയായ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

ആശ്രമത്തിനു സമീപമുള്ള ജില്ലാ പഞ്ചായത്ത് സ്‌കൂളിനു സമീപം പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയതായും എസ്പി പറഞ്ഞു. ആശ്രമത്തില്‍ നിന്ന് പണം, ലാപ്‌ടോപ്പ്, വിലപിടിപ്പുള്ള മറ്റു സാധനങ്ങളും പ്രതി കവര്‍ന്നിരുന്നു.പത്താംവയസില്‍ ഒരു കൊലപാതക കേസില്‍ പ്രതിയായിരുന്നു സായിനാഥ്. ഈ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രതിയില്‍ നിന്ന് 40,000 രൂപ പിടിച്ചെടുത്തതായും ആക്രമണത്തിനു പിന്നില്‍ സാമുദായിക വൈര്യമോ, മറ്റു ശത്രുതയോ കണ്ടെത്താനായിട്ടില്ലന്നും പോലീസ് പറഞ്ഞു.

പല്‍ഗഡില്‍ സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്നു പേരെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാൽ രണ്ടു സംഭവങ്ങളും ആസൂത്രിതമല്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരുമാസത്തിനുനള്ളിൽ നടന്ന ഈ സംഭവങ്ങളിൽ പ്രതിഷേധം ശക്തമാണ്.

shortlink

Post Your Comments


Back to top button