വാഷിംഗ്ടണ്‍: ചൈന തടവിലാക്കിയിരിക്കുന്ന ടിബറ്റിന്റെ രണ്ടാമത്തെ വലിയ ആത്മീയ നേതാവായ പഞ്ചന്‍ ലാമ എവിടെയാണെന്ന കാര്യം എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടു. 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്, അന്ന് ആറുവയസുമാത്രം പ്രായമുണ്ടായിരുന്ന പതിനൊന്നാമത്തെ പഞ്ചന്‍ ലാമയെ ചൈന പിടികൂടി തടവിലാക്കിയത്.നിലവില്‍ ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്ന ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ, 1995ലാണ് ടിബറ്റന്‍ ബുദ്ധിസം സ്കൂളിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതിര്‍ന്ന വ്യക്തിയായ പഞ്ചന്‍ ലാമയുടെ പുനര്‍ജന്മമായി ഗെദുന്‍ ചോയ്കി നൈമ എന്ന ആണ്‍കുട്ടിയെ തിരിച്ചറിയുന്നത്.
ഇതിന് മൂന്ന് ദിവസത്തിന് ശേഷം കുട്ടിയെ ചൈന കസ്റ്റിയിലെടുത്ത് തടവിലാക്കി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനെന്നാണ് മനുഷ്യാവാകാശസംഘടനകള്‍ പഞ്ചന്‍ ലാമയെ വിശേഷിപ്പിക്കുന്നത്.എല്ലാ വിശ്വാസസമുദായത്തിലുള്ളവരെയുംപോലെ ടിബറ്റന്‍ ബുദ്ധമതക്കാര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് നേതാക്കളെ തിരഞ്ഞെടുക്കാനും വിദ്യാഭ്യാസം നല്‍കാനും ആരാധിക്കാനും കഴിയണം. പത്രക്കുറിപ്പില്‍ പോംപിയോ വ്യക്തമാക്കി.
പഞ്ചന്‍ലാമ എവിടെയാണെന്ന് പരസ്യമാക്കി, എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കി, സ്വന്തം ഭരണഘടനയും അന്താരാഷ്ട്ര പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കണം. പോംപിയോ ആവശ്യപ്പെട്ടു.ടിബറ്റന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നത ആത്മീയഗുരുവും നേതാക്കളിലൊരാളുമാണ് പഞ്ചന്‍ ലാമ. ടിബറ്റന്‍ ജനതയുടെ പരമോന്നത നേതാവായ ദലൈലാമക്ക് തൊട്ടടുത്ത സ്ഥാനം വഹിക്കുന്നയാള്‍.’ടിബറ്റന്‍ ജനതയുടെ സൂര്യനും ചന്ദ്രനുമാണ് ദലൈലാമയും പഞ്ചന്‍ ലാമയും’ എന്നാണ് വിശ്വാസം. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്നതിലും ഏറ്റവും നിര്‍ണായകമായ സ്ഥാനമാണ് പഞ്ചന്‍ ലാമ വഹിക്കുന്നത്.
Post Your Comments