അഞ്ജു പാര്‍വതി പ്രഭീഷ്
ഗോവയിൽ ആത്മഹത്യചെയ്ത അഞ്ജന ഹരീഷെന്ന കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആരെന്ന വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.കേവലം ഇരുപത്തൊന്നുവയസ്സു മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കുഞ്ഞിന്റെ മരണത്തിൽ അവളുടെ വീട്ടുകാരാണ് ഉത്തരവാദികളെന്ന രീതിയിൽ വാർത്തയെഴുതി പൊലിപ്പിക്കുന്നവരുടെ മനസ്സ് എത്രമേൽ നികൃഷ്ടമാണ്. ആരാണ് അഞ്‌ജനയെന്നോ ആരായിരുന്നു അഞ്ജനയെന്നോ എനിക്കറിയില്ല. അവളുടെ മരണശേഷം അവളുടെ മുഖപുസ്തകഭിത്തികയിലെ അക്ഷരങ്ങളിലൂടെ അവളെയൊന്ന് അറിയാൻ ശ്രമിച്ചപ്പോൾ അവളുടെ പ്രായത്തിലുള്ള ഒരുപാട് പേരെ അടുത്തറിഞ്ഞിട്ടുള്ള എന്നിലെ അദ്ധ്യാപികയ്ക്ക്, എന്നിലെ അമ്മയ്ക്ക് തോന്നിയ ചില ചിന്തകൾ മാത്രമാണ് ഈ പോസ്റ്റിനു ആധാരം.
ജീവിതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന, ആഘോഷിച്ചിരുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യണമെങ്കിൽ എന്തായിരിക്കും കാരണം? ഗോവയിൽ വിനോദസഞ്ചാരത്തിനു പോയ ഒരുവൾക്ക് ജീവിതത്തിനു പൂർണ്ണവിരാമമിടാൻ തോന്നണമെങ്കിൽ അതിനുത്തരവാദി ഒരിക്കലും വീട്ടുകാരാവില്ല; കാരണം കുടുംബമെന്ന വ്യവസ്ഥിതിയെ ,അമ്മയെന്ന സത്യത്തെ വേണ്ടായെന്നു കോടതിമുമ്പാകെ ബോധിപ്പിച്ചു വീടുവിട്ടിറങ്ങി കൂട്ടുകാർക്കൊപ്പം ജീവിതം ആസ്വദിക്കാൻ പോയ കുട്ടിയാണവൾ. ഒന്നുകിൽ താൻ തെരഞ്ഞെടുത്ത ജീവിതം എത്രമേൽ നിരർത്ഥകമാണെന്ന തിരിച്ചറിവായിരിക്കാം അവളെ അതിനു പ്രേരിപ്പിച്ച ഘടകം. അതുമല്ലെങ്കിൽ കൈവിട്ടുപ്പോകുമെന്ന ഭയത്തിൽ തന്നെ തള്ളച്ചിറകിൽ ഒതുക്കാൻ തുനിഞ്ഞ അമ്മയായിരുന്നു ശരിയെന്ന തിരിച്ചറിവിൽ കുറ്റബോധം കൊണ്ട് പിടഞ്ഞ ഒരു ആത്മാവ് കണ്ടെത്തിയ പ്രായശ്‌ചിത്തമാകാം. അതുമല്ലെങ്കിൽ ഓവർ ഡോസായി ലഹരി ഉള്ളിൽച്ചെന്ന വൈകാരികതയുടെ തള്ളിച്ചയിൽ സംഭവിച്ച ചെയ്തി. എന്തായാലും മരണകാരണം കൂടെയുണ്ടായിരുന്നവർക്ക് വ്യക്തമായിട്ടറിയാം. പക്ഷേ അവർ അത് അഞ്ജനയുടെ വീട്ടുകാരുടെ ലേബലിലേയ്ക്ക് സമർത്ഥമായി ചാരുന്നു.അതിനു തെളിവായി അഞ്ജന തന്നെയിട്ട ഒരു വീഡിയോയും തെളിവാക്കുന്നു. കൂട്ടുക്കെട്ടാണ് ജീവിതത്തിന്റെ നിറവും ഹരവുമെന്ന് കരുതിയിരുന്നൊരു പെൺകുട്ടി, അമ്മ കരുതലിന്റെ ആഴിയിൽ വെന്തുരുകിയ ഒരു പെറ്റവയറിന്റെ തിരിച്ചുപിടിക്കൽ ശ്രമത്തിനെതിരെ നടത്തിയ വൈകാരികപ്രതികരണം മാത്രമായിരുന്നു അവളുടെ വീഡിയോയെന്ന് ഏതൊരു അമ്മമനസ്സിനും മനസ്സിലാവും.
2018 മെയ്മാസത്തിലെ മാതൃദിനത്തിൽ അഞ്ജനയിട്ട ( ചിന്നു സുൽഫിക്കർ) ഒരു പോസ്റ്റ് ഇപ്രകാരമാണ്.” പെണ്ണ് നോക്കിയാൽ വീടിനു ബർക്കത്ത് ഉണ്ടാവില്ലെന്നു പറയുന്നവർ എന്റെ വീട്ടിലേയ്ക്ക് ഒന്ന് വരണം.ആരുടെയും സഹായമില്ലാതെ ഞങ്ങൾ മൂന്നു മക്കളെ ഒരു കുറവും ഇല്ലാതെ കഴിഞ്ഞ എട്ടു വർഷമായി വളർത്തുന്ന ഒരു പെണ്ണ് ഉണ്ട് ഇവിടെ.എന്റെ അമ്മ. എവിടെയൊക്കെ പോയി ഭക്ഷണം കഴിച്ചാലും വീട്ടിൽ വന്നു അമ്മയുടെ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന രുചി ഒന്ന് വേറെ തന്നെയാണ്.”
വീടെന്ന സ്വർഗ്ഗത്തെ ,അമ്മയെന്ന പ്രപഞ്ചസത്യത്തെ വല്ലാതെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ ഹൃദയത്തിൽ നിന്നും വന്ന വരികളാണിവ.കൂടെ അമ്മയ്ക്കാപ്പം നിലാവു പോലെ ചിരിച്ചുനില്ക്കുന്ന നീണ്ട മുടിയുള്ള ഒരു പെൺകുട്ടിയുടെ ചിത്രവുമുണ്ട്. ഇതായിരുന്നു രണ്ടു വർഷം മുമ്പു വരെയുള്ള അഞ്ജന.അച്ഛൻ നഷ്ടപ്പെട്ട കുറവറിയിക്കാതെ കാക്കയ്ക്കും പരുന്തിനും റാഞ്ചാൻ കൊടുക്കാതെ മൂന്നു കുട്ടികളെ പൊന്നുപോലെ നോക്കി വളർത്തിയ ഒരു അമ്മയെ എന്നു മുതല്ക്കാണ് അവൾ ശത്രുവായി കണ്ടു തുടങ്ങിയത്? അഞ്ജന ചിന്നു സുൽഫിക്കറായി മാറി തുടങ്ങിയതുമുതൽ അവൾ അവൾക്കു തന്നെ അന്യയായി മാറി തുടങ്ങിയെന്നതാണ് സത്യം. രണ്ടു വർഷം കൊണ്ട് പതിനെട്ടുവർഷം നോക്കിവളർത്തിയ അമ്മയെയും വീട്ടുകാരെയും ശത്രുപക്ഷത്ത് കാണാൻ മാത്രം അവളെ മാറ്റിയെടുത്തവർ ആരാണ്? അങ്ങനെയെങ്കിൽ ആ രണ്ടു വർഷത്തെ കാലയളവിൽ അവളിലുണ്ടായ മാറ്റമാണ് അവളെ ഇല്ലാതാക്കിയത്. അങ്ങനെ മാറ്റിയവർ മാത്രമാണ് ഈ മരണത്തിനു കാരണക്കാർ.
അഞ്ജന ഒരു പ്രതീകം മാത്രമാണ്. കുടുംബം എന്ന വ്യവസ്ഥിതിയിൽ വിശ്വസിക്കാത്ത,പാട്രിയാർക്കിയെന്നത് സമൂഹത്തിന്റെ ബാധ്യതയെന്ന് വിശ്വസിച്ചുപ്പോരുന്ന കുറേ സാമൂഹ്യവൈറസുകൾ നമ്മുടെ സമൂഹത്തിലുണ്ട്.ഗേ,ലെസ്ബിയൻ,ബൈസെക്‌ഷ്വൽ ,ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നവർ സമൂഹത്തിന്റെ ഭാഗവും ഒരു രീതിയിലുള്ള വിവേചനം നേരിടേണ്ടവരുമല്ല. പക്ഷേ അവരെ മുൻനിറുത്തി ഒരുപറ്റം സോഷ്യൽ ക്രിമിനലുകൾ അർബൻ നക്സലിസത്തിന്റെ മറവിൽ ഇവിടുത്തെ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നുണ്ട്. ജീവിതം അടിച്ചുപൊളിയാക്കുന്ന യുവത്വങ്ങളിൽ ചിലരെങ്കിലും ഇവരുടെ വലയത്തിൽ വീണുപോകുന്നുണ്ട്. ഒരുപ്രായത്തിൽ നമുക്കേവർക്കും തോന്നാറുണ്ട് കൂട്ടുക്കെട്ടാണ് ഏറ്റവും വലിയ പൊരുളെന്ന്. കൂട്ടുകാരാണ് ഏറ്റവും വലിയ മനസാക്ഷിക്കാവൽക്കാരെന്ന്. അത് ആ പ്രായത്തിന്റെ ലഹരിയിൽ മാതാപിതാക്കളും വീട്ടുകാരും നമുക്കുമേൽ പണിയുന്ന കരുതലിന്റെയും സുരക്ഷയുടെയും അരുതുകളുടെയും വിലക്കുകളുടെയും മതിലിനെതിരെയുള്ള മനസ്സിന്റെ തോന്നൽ മാത്രമാണ്. അപ്പോൾ നമ്മൾ കൂട്ടുകാരോട് പങ്കുവയ്ക്കുന്ന ചില ആകുലതകളും ആശങ്കകളും വളരെ വലിയ പാതകമാക്കി മാറ്റി വീട്ടുകാരിൽ നിന്നും എന്നന്നേയ്ക്കുമായി അടർത്തിയെടുക്കുന്നവർ യഥാർത്ഥ സുഹൃത്തുക്കളല്ല. അത്തരക്കാരാണ് അഞ്ജനമാരെ ചിന്നു സുൽഫിക്കറായി മാനസാന്തരം ചെയ്യിക്കുന്നത്. മക്കളെപ്രതി പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്ള മാതാപിതാക്കളെ പാട്രിയാർക്കിയുടെ വക്താക്കളായി ചിത്രീകരിക്കുന്നത്. അവസാനം ജീവിതത്തിൽ നിന്നും സമർത്ഥമായി പടിയിറക്കി വിട്ട് യാത്രാമംഗളം നേരുന്നത്.
എന്റെ പൊന്നുമക്കളേ, നിങ്ങളെ ഉപാധികളില്ലാതെ സ്നേഹിക്കാൻ പെറ്റവയറോളം മറ്റാരും ഉണ്ടാവില്ല ഈ ഭൂമിയിൽ. നിങ്ങളെ തണലിലേറ്റി നടത്താൻ ഒരച്ഛൻ കൊള്ളുന്ന വെയിലോളം ചൂട് മറ്റാരും കൊള്ളില്ല. വീടെന്ന സുരക്ഷിതത്വത്തിന്റെ നാലുചുമരുകൾ നിങ്ങളെ കാക്കുന്നത് പോലെ മറ്റാർക്കും കാക്കാനും കഴിയില്ല. നിങ്ങളോടുള്ള അടങ്ങാത്ത സ്നേഹവായ്പ് ഒന്ന് കൊണ്ട്മാത്രമാണ് നിങ്ങൾ വഴിതെറ്റി നടക്കുന്നുവെന്ന് തോന്നുമ്പോൾ അമ്മമാർ പിന്നെയും പിന്നെയും നിങ്ങളുടെ വഴി തടഞ്ഞ് നില്ക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ വഴിയാണ് ശരിയെങ്കിലും തള്ളച്ചിറകിൽ ഒതുക്കാൻ ശ്രമിക്കുന്നത് കരുതലിന്റെ ആധികൃം കൊണ്ടാണ്. വഴിതട്ടി മാറ്റി മുന്നോട്ട് പോകാൻ നിങ്ങളിലെ വ്യക്തിക്ക് അധികാരമുണ്ടെങ്കിലും ഒരു നിമിഷം ഓർക്കുക- നിങ്ങളില്ലാതെയാവുമ്പോൾ ഉരുകിത്തീരുന്നത് ഓരോ അമ്മമനസ്സ് മാത്രമാണ്.
Post Your Comments