ന്യൂയോര്‍ക്ക്: ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19ന്റെ ഉത്ഭവ സ്ഥാനം ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റാണെന്ന ആരോപണത്തിനിടെ പാഠം പഠിക്കാതെ ചൈന. മരപ്പട്ടി, പാമ്പ് , നായ എന്ന് വേണ്ട ജീവികളെയെല്ലാം ജീവനോടെയും മാംസമായും വില്ക്കുന്ന ഇത്തരം വെറ്റ് മാര്‍ക്കറ്റുകള്‍ ഒരു മഹാമാരി വന്നിട്ടും ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ വില്ക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും സജീവമാണ്.
കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാര്‍ക്കറ്റുകളിലെ ചെറിയ കൂടുകളില്‍ തിങ്ങി നിറഞ്ഞ് കഴിയുന്ന ജീവികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. കോഴി,പാമ്പ് , തവള, മുയല്‍ തുടങ്ങി കുരങ്ങ് വരെയുള്ള ജീവികളെ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചൈനയിലെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ വില്പനയ്ക്ക് വച്ചിരുന്ന വവ്വാലുകളില്‍ നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് വിശ്വസിക്കുമ്പോഴും വവ്വാല്‍ വില്പനയ്ക്കും യാതൊരു കുറവുമില്ല.
മൃഗസംരക്ഷണ സംഘടനയായ പെറ്റ നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം ഫിലിപ്പീന്‍സില്‍ മൃഗങ്ങളുടെ രക്തം നിറഞ്ഞ ഇടങ്ങളിലൂടെ നടക്കുന്ന അറവുകാരെ കാണാം. ഒരു ഗ്ലൗസ് പോലുമില്ലാതെയാണ് പക്ഷികളുടെയും പന്നികളുടെയും മാംസം മുറിക്കുന്നത്. വിയറ്റ്നാമില്‍ നായയുടെ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വേവിച്ച് കൂനകൂട്ടിയിട്ടിരിക്കുന്നു. തൊട്ടടുത്ത് തന്നെ കൂട്ടില്‍ തങ്ങളുടെ ഊഴം കാത്തുകിടക്കുന്ന നിസഹായരായ ജീവികളെയും കാണാം.
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ സാര്‍സ് എന്ന മാരക രോഗത്തിന് കാരണക്കാരായി വിശേഷിപ്പിക്കപ്പെടുന്ന വെരുകുകളെ ജീവനോടെ തന്നെ ഏഷ്യന്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ കാണാം. കൊവിഡിന്റെ കാരണക്കാരായ വവ്വാലുകളെയാകട്ടെ ഇന്തോനേഷ്യയില്‍ കൂടികളില്‍ തൂക്കിയിട്ടിരിക്കുന്നു. കുഞ്ഞു ബോക്സുകളില്‍ പാമ്പുകളെയും വില്പനയ്ക്ക് വച്ചിരിക്കുന്നു.
വീഡിയോ ദൃശ്യങ്ങളുമായി ലോകമെമ്പാടുമുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പെറ്റ വീണ്ടും ലോകാരോഗ്യ സംഘടനയെ സമീപിക്കാനൊരുങ്ങുകയാണ്. മാരക വൈറസുകളുടെ ടൈം ബോംബുകള്‍ പോലെയാണ് വെറ്റ് മാര്‍ക്കറ്റുകള്‍. സാര്‍സ്, എബോള, മെര്‍സ്, പന്നിപ്പനി തുടങ്ങി നിരവധി രോഗങ്ങളുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് വെറ്റ് മാര്‍ക്കറ്റുകള്‍.2002ല്‍ തെക്കന്‍ ചൈനയില്‍ 700 ലേറെ പേരെ കൊന്നൊടുക്കിയ സാര്‍സ് ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ഉത്ഭവിച്ചത്.
Post Your Comments