കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ കേരളത്തിലെത്തി. രാത്രി പത്തു മണിയോടെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തി. 216 യാത്രക്കാര്‍ കോഴിക്കോട് ഇറങ്ങി. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരായിരുന്നു ട്രെയിനില്‍. സംസ്ഥാനത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്ഷനില്‍ എത്തിയ ട്രെയിന്‍ 5.25നു അവസാന സ്റ്റോപ്പായ തിരുവനന്തപുരത്ത് എത്തി.
പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് യാത്രക്കാരെ പരിശോധിക്കാന്‍ വിപുലമായ സൗകര്യമായിരുന്നു ഒരുക്കിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഹെല്‍പ് ഡെസ്‌കുകളില്‍ ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ചു. സ്റ്റേഷനില്‍ നിന്നു വീടുകളിലേക്കു കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിച്ചു. ഡ്രൈവര്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വീസ് ഉറപ്പാക്കി.
വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന് അനുവദിച്ചു.
Post Your Comments