ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്ന് മോദി പറഞ്ഞു. ലോക്ക്ഡൗണ്‍ വിശദാംശങ്ങള്‍ മെയ് പതിനെട്ടിന് മുന്‍പ് പ്രഖ്യാപിക്കും. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിസന്ധി മറികടക്കാനായി 20 ലക്ഷം കോടിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കും. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരം, മധ്യവര്‍ഗം തുടങ്ങി സമസ്ത മേഖലകള്‍ക്കും ഉത്തേജനം നല്‍കാനാണ് പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായെന്നും മോദി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡില്‍നിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ 42 ലക്ഷത്തില്‍ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.അതില്‍ അനുശോചനം അറിയിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എന്‍ 95 മാസ്കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്കുകളും ദിവസേന ഉണ്ടാക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments