ബെയ്‌ജിങ്: അമേരിക്കയില്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതികരിക്കുമെന്നു യു.എസിന് മുന്നറിയിപ്പുനല്‍കി ചൈന. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള സാംസ്കാരിക വിനിമയത്തെയും ഇത് ബാധിക്കുമെന്നു ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ചൈനീസ് മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുകയാണെന്നും, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്ക അറുപതോളം ചൈനക്കാരെ പുറത്താക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയന്‍ വ്യക്തമാക്കി.
ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസ ചട്ടങ്ങള്‍ അമേരിക്ക മുന്നറിയിപ്പ് കൂടാതെ കടുപ്പിച്ചിരുന്നു. പുതിയ വിസ നിയമങ്ങള്‍ പ്രകാരം, ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരമാവധി 90 ദിവസമാണ് അമേരിക്കയില്‍ തങ്ങാന്‍ പറ്റുക. യു.എസിന്റെ ഈ നടപടിക്കെതിരെ ചൈന ശക്തമായ പ്രതിഷേധമറിയിച്ചു കഴിഞ്ഞു.
അതേസമയം നേരത്തെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാൻ ചൈന ആവശ്യപ്പെട്ടിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നായിരുന്നു ആവശ്യം.
Post Your Comments