കാൺപൂർ • ഒരു പെൺകുഞ്ഞിനെ പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഒരു വനിതാ കോൺസ്റ്റബിൾ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 27 കാരിയായ യുവതി ബുധനാഴ്ച ആഗ്രയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കാൺപൂർ ജില്ലയിലെ (ഉത്തർപ്രദേശ്) ബിൽഹോർ പോലീസ് സ്റ്റേഷനിലായിരുന്നു യുവതിയെ നിയമിച്ചിരുന്നത്. ഏപ്രിൽ ഒന്നിന് ആഗ്രയിലെ ഈശ്വർ നഗറിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രസവാവധിക്ക് എത്തിയിരുന്നു.
മെയ് 2 ന് ലേഡി ലിയാൽ ആശുപത്രിയില്‍ വച്ച് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജമ്മം നല്‍കി. കോവിഡ് -19 പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച ശേഷം മെയ് 4 ന് ഡിസ്ചാർജ് ചെയ്തു. ബുധനാഴ്ച രാവിലെ ശ്വാസം മുട്ടലും ജലദോഷവും പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവർക്ക് അവിടെ പ്രവേശനം ലഭിച്ചില്ല. പിന്നീട്, ഉച്ചകഴിഞ്ഞ് യുവതി മരിച്ചു. ബുധനാഴ്ച വൈകുന്നേരം യുവതിയ്ക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ വീട്ടുകാരെ അറിയിച്ചു.
സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഭാര്യയുടെ മൃതദേഹം അവരുടെ കാറിൽ ഉപേക്ഷിച്ച് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ എത്തി മൃതദേഹം നീക്കം ചെയ്യാന്‍ കാത്തിരുന്നു. ഭർത്താവ്, പുതുതായി ജനിച്ച പെൺകുട്ടി, അമ്മായിയമ്മ എന്നിവരെ ക്വാറന്റൈനിലാക്കുകയും അവരുടെ സാമ്പിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയയുടെ ശുചിത്വവൽക്കരണവും ആരംഭിച്ചു.
യുവതിയുടെ മരണത്തെക്കുറിച്ച് യുവതിയുടെ ഭർത്താവ് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സിക്കന്ദ്രയിലെ എസ്എച്ച്ഒ അരവിന്ദ് കുമാർ പറഞ്ഞു. നേരത്തെ മെയ് രണ്ടിന് കരൾ രോഗം മൂലം യുവതിയുടെ അമ്മായിയച്ഛന്‍ രൺദീർ സിംഗ് ഡല്‍ഹിയിൽ വച്ച് മരണമടഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ അദ്ദേഹം കോവിഡ് നെഗറ്റീവ് ആയിരുന്നു.
അതേസമയം, മെയ് ഒന്നിന് 57 കാരനായ കോൺസ്റ്റബിൾ എസ്.എൻ. മെഡിക്കൽ കോളേജില്‍ വച്ച് കോവിഡ് 19 ബാധിച്ച് മരണപ്പെട്ടിരുന്നു. കോവിഡ് -19 ഡ്യൂട്ടിയിൽ പ്രവേശിച്ചതിനാൽ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടാണ് ആഗ്ര.
Post Your Comments