ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വമ്പന്‍ വാഗ്ദാനം നല്‍കി ഇന്ത്യ. യൂറോപ്പ്യന്‍ രാജ്യമായ ലക്‌സംബര്‍ഗിന്റെ ഇരട്ടി സ്ഥലം ഇന്ത്യ ഇത്തരം ബിസിനസുകാര്‍ക്കായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് ബിസിനസ് അവസാനിപ്പിക്കുന്നവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി 461,589 ഹെക്ടര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യവസായങ്ങളുള്ള 115,131 ഹെക്ടര്‍ സ്ഥലം ഇതില്‍ ഉള്‍പ്പെടും.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.ലോകബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് ലക്‌സംബര്‍ഗിന്റെ വിസ്തൃതി 243,000 ഹെക്ടറാണ്. വിദേശ കമ്പനികള്‍ ബിസിനസ് ആരംഭിക്കാന്‍ സ്ഥല ലഭ്യതക്കാണ് മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
വൈദ്യുതി, വെള്ളം, റോഡ് എന്നിവയുടെ ലഭ്യതയാണ് കമ്പനികള്‍ക്ക് ആവശ്യം.ഇലക്‌ട്രിക്കല്‍, മരുന്ന് നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെയുള്ള ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നിര്‍മ്മാണ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പത്തോളം വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 100ഓളം അമേരിക്കന്‍ കമ്പനികളുമായി ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ജപ്പാന്‍,അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്പനികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി വരികയാണ്.
Post Your Comments