ന്യൂഡല്‍ഹി : പാക് ഹാക്കര്‍മാരുടെ ശ്രദ്ധ ഇപ്പോള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്ലിക്കേഷനിലാണ്. ഈ ആപ്ലിക്കേഷന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആപ്പിന്റെ പേര് ഉപയോഗിച്ചാണ് പാക്ക് ചാരന്മാര് രാജ്യത്തെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടത്തുന്നത്. ഇക്കാര്യം പ്രതിരോധ വൃത്തങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
ഒരാളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കോവിഡ് -19 ടെസ്റ്റുകളുടെ ഡേറ്റാബേസ് ഉപയോഗിച്ച് കൊറോണ വ്യാപിക്കുന്നതിനെ തടയാനും ലക്ഷ്യമിട്ടുള്ളതാണ് ആരോഗ്യ സേതു ആപ്. എന്നാല്‍, ഇതേ പേരില്‍ ആപ്പിറക്കി ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയാണ് പാക്ക് നീക്കം.
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഇന്റല്‍ ഓപ്പറേറ്റര്‍മാര്‍ ഡേറ്റ ചോര്‍ത്താന്‍ മാല്‍വെയര്‍ ആപ്ലിക്കേഷനാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേര് ‘ആരോഗ്യസേതു.എപികെ’. ഫോണിലോ മറ്റു ഡിവൈസുകളിലോ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാനും ഉടമയുടെ അറിവില്ലാതെ ഒറിജിനേറ്ററിലേക്ക് അയയ്ക്കാനും ഇതിന് കഴിവുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഒരു ഫോണില്‍ അശ്രദ്ധമായി സംഭരിച്ചിരിക്കുന്ന കോണ്ടാക്റ്റ് ലിസ്റ്റുകളോ മറ്റേതെങ്കിലും തന്ത്രപ്രധാന വിവരങ്ങളോ അത്തരം മാല്‍വെയര്‍ ഉപയോഗിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments