KeralaLatest NewsNews

പുതിയ ഇളവുകളൊന്നും അനുവദിച്ചിട്ടില്ല; ലോക്ഡൗണിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം

തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരുന്നതിനിടെ കടകൾ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അതേപടി നിലനിൽക്കുകയാണെന്നും പുതിയ ഇളവുകളൊന്നും അനുവദിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ജ്വല്ലറികൾ, ശീതീകരിച്ച വലിയ തുണിക്കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. റെഡ് സോൺ ജില്ലകളിലും ഹോട്സ്പോട്ട് മേഖലകളിലും കട തുറക്കരുതെങ്കിലും റെഡ് സോണിൽ കലക്ടർമാർക്ക് തീരുമാനമെടുക്കാം.

കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ കടകൾ തുറക്കാമെന്നാണു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും ഉത്തരവിറങ്ങിയപ്പോൾ 2 മേഖലകളിലും വ്യത്യസ്ത നിർദേശങ്ങളായിരുന്നു. ഹോട്സ്പോട്ട്, റെഡ്സോൺ ഒഴികെയുള്ള മേഖലകളിലെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള കടകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര ഉത്തരവ്.

ആൾക്കൂട്ടമുണ്ടായാൽ കട അടപ്പിക്കും. കടയുടമയും കടയിലെത്തുന്നവരും മാസ്ക് ധരിക്കണം. തുണിക്കടകൾ തുറക്കാനുള്ള ശ്രമം ആലപ്പുഴയിലും മറ്റും പൊലീസ് തടഞ്ഞു. പ്രതികരണം പഠിച്ച ശേഷം വലിയ കടകൾ തുറക്കാമെന്നാണു തീരുമാനം.

കണ്ണൂർ ജില്ലയിൽ തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. പലയിടത്തും പൊലീസ് തടഞ്ഞതോടെ ജ്വല്ലറികളും ശീതികരിച്ച തുണിക്കടകളും കൂടി തുറക്കേണ്ടെന്നു പിന്നീടു കലക്ടർമാർക്കു നിർദേശം നൽകി. റെഡ് സോൺ ആയ മലപ്പുറം ജില്ലയിൽ കടതുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായില്ല. ഇതേസമയം, റെഡ്സോണിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിൽ വ്യക്തമായ തീരുമാനമുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button