തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള തടസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡില്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പിണറായി വിജയൻ നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികളാകട്ടെ ഡല്‍ഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന്) വേണമെന്ന് നിര്‍ബന്ധിക്കുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചത് ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എന്നാല്‍ കോവിഡ്-19 കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്.
ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്കാന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments