ഗുവഹാട്ടി : ആസാമില്‍ പുള്ളിപ്പുലിയെ കൊന്ന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. ദൃശ്യത്തില്‍ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആസാമിലെ ഗോലഘട്ട് ജില്ലയില്‍ ഏപ്രില്‍ 17-നാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് പുലിയുടെ ജഡം കണ്ടെടുത്തത്.
ജുന്‍മോന്‍ ഗോഗോയ്, ശക്തിം ഗോഗോയ്, തഗിറാം ഗോഗോയ്, നിത്യ നന്ദ സൈകിയ എന്നിവരാണ് അറസ്റ്റിലായത്. അഹോംഗാവ് പ്രദേശത്തെ ഒരു കാട്ടില്‍നിന്നാണ് പുലിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും പുലിയുടെ തൊലി, വാല്‍, നഖങ്ങള്‍, പല്ലുകള്‍ എന്നിവ മൃതദേഹത്തില്‍ ഇല്ലായിരുന്നുവെന്നും പിന്‍കാലുകള്‍ മുറിച്ചു മാറ്റിയിരുന്നതായും പോലീസ് പറഞ്ഞു.
പ്രതികളിലൊരാള്‍ പുള്ളിപ്പുലിയുടെ മാംസം കഴിച്ചുവെന്ന് ഇവരുടെ ഗ്രാമത്തിലെ ചിലര്‍ പറഞ്ഞു. പക്ഷേ അതിന് തെളിവുകളൊന്നുമില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് റജ്സ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
Post Your Comments