സോള്‍ : കോവിഡ്-19 ന്റെ ഭീതിയ്ക്കിടയിലും ലോകത്ത് ഇപ്പോള്‍ പ്രധാനമായും നടക്കുന്ന ചര്‍ച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ചാണ്. എന്നാല്‍ ഇത്രയൊക്കെ ചര്‍ച്ചയായിട്ടും മള്‍ബറിപ്പഴത്തിന്റെ വിളവെടുപ്പും കായികോപകരണങ്ങളും മുഖ്യ തലക്കെട്ടുകളാക്കിയിരിക്കുകയാണ് ഉത്തര കൊറിയയിലെ മാധ്യമങ്ങള്‍. സമ്പദ്‌വ്യവസ്ഥ ഉള്‍പ്പെടെ വിഷയങ്ങളില്‍ കിം മുന്‍പു പറഞ്ഞിട്ടുള്ളത് ഉദ്ധരിച്ചും നേട്ടങ്ങള്‍ പുകഴ്ത്തിയും എല്ലാം പതിവു പോലെയെന്ന ഭാവത്തിലാണു വാര്‍ത്തകള്‍.
ഉത്തര കൊറിയന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ദക്ഷിണ കൊറിയയിലെ ഓണ്‍ലൈന്‍ പത്രമാണു കിം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നുമുള്ള വാര്‍ത്തകള്‍ ദക്ഷിണ കൊറിയയും ചൈനയും നിഷേധിച്ചിരുന്നു.
കിം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളുടെ ആധികാരികതയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സംശയം പ്രകടിപ്പിച്ചു. ‘കുഴപ്പമൊന്നുമില്ലെന്നു ഞാന്‍ കരുതുന്നു. അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യത്തോടെയിരിക്കുന്നതു കാണാനാണ് ഇഷ്ടം.’ – വൈറ്റ് ഹൗസിലെ മാധ്യമസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
Post Your Comments