ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഗുണം ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്ന 59 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗണിനു മുന്‍പ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ തോത് 3.4 ആയിരുന്നെന്നും എന്നാല്‍ നിലവില്‍ അത് 7.5 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒരു മാസമായി തുടരുന്ന ലോക്ക് ഡൗണിനു പുറമെ ടെസ്റ്റുകളും നിരീക്ഷണവും വന്‍തോതില്‍ വര്‍ധിച്ചതും ഗുണം ചെയ്തെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി രോഗ വ്യാപനത്തിന് തടയിടാന്‍ ഇന്ത്യക്ക് സാധിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 500ല്‍ നിന്നും 1,000ത്തിലേക്ക് എത്താന്‍ അഞ്ച് ദിവസമെടുത്തു. എന്നാല്‍ 1,000ത്തില്‍ നിന്ന് 2,000ത്തിലെത്താന്‍ മൂന്ന് ദിവസം മാത്രമാണ് എടുത്തത്.
ജര്‍മനി, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഇതിനു ശേഷവും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുകയായിരുന്നു. 8,000ത്തില്‍ നിന്നും 16,000 രോഗികളിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് എട്ട് ദിവസമാണ് എടുത്തത്. എന്നാല്‍ അമേരിക്കയില്‍ ഇതിന് വെറും രണ്ട് ദിവസവും യുകെ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നാല് ദിവസവും മാത്രമായിരുന്നു വേണ്ടി വന്നത്.
Post Your Comments