
കൊല്ലം • കൊല്ലം ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തി പട്ടണമായ ‘ലെമണ്‍ സിറ്റി’ എന്നറിയപ്പെടുന്ന പുളിയന്‍കുടിയില്‍ കോവിഡ് 19 പടരുന്നു. ഈ സാഹചര്യത്തില്‍ കൊല്ലത്ത് അടിയന്തരയോഗം ചേര്‍ന്നു. അതിനിടെ, അധികൃതരുടെ കണ്ണുവെട്ടിച്ച് പുളിയന്‍കുടിയില്‍ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കി. ഇയാള്‍ മരണാന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തതായി അറിയുന്നു. കര്‍ശന പരിശോധന ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തമിഴ്നാട്ടില്‍ പോയി എന്നതാണ് അധികൃതരെ കുഴപ്പിക്കുന്നത്.
കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ കുളത്തൂപ്പുഴയിൽ അടിയന്തിര അവലോകന യോഗം ചേർന്നു . കുളത്തൂപ്പുഴ ഉൾപ്പടെ ഉള്ള അതിർത്തി പഞ്ചായത്തുകൾ ആയ ആര്യങ്കാവ് ,തെന്മല എന്നീ പഞ്ചായത്തുകൾ പൂർണമായും ലോക്ഡൗൺ നിയന്ത്രണത്തിൽ കൊണ്ട് വരാൻ തീരുമാനിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണ്ണമായും സീൽ ചെയ്യുവാനും തീരുമാനിച്ചതായും യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
നാഷണൽ ഹൈവേ വഴിയുള്ള (ചരക്ക് ഗതാഗതം,ഹോസ്പിറ്റൽ ആവിശ്യത്തിന് വേണ്ടി ഉള്ള യാത്രകൾ എന്നിവ ബന്ധപ്പെട്ട എല്ലാ രേഖകളോടും കൂടി മാത്രം അനുവദിക്കുകയും) അല്ലാതെ ഉള്ള മുഴുവൻ ഗതാഗതവും നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
വനാതിർത്തിയിൽ കൂടി ഉള്ള യാത്രകൾ പൂർണ്ണമായും നിരോധിക്കാനും പെട്രോളിംഗ് കർശനമാക്കുവാനും ഫോറസ്റ്റ് വകുപ്പിന് നിർദ്ദേശം നൽകി. നിരീക്ഷണത്തിൽ ഉള്ള ആളുമായി സംബർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിൽ ഏർപ്പെടുത്തുവാനും പൂർണ്ണമായും ഹോം കൊറന്റൈനിൽ വയ്ക്കുവാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
കേരള അതിര്‍ത്തിയായ കോട്ടവാസലില്‍ നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള പുളിയങ്കുടി നഗരസഭ പരിധിയില്‍ ഇതുവരെ 14 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. നഗരസഭാ പരിധി പൂര്‍ണമായും അടച്ച പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുദ്രവച്ചിട്ടുണ്ട്. കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാരങ്ങ കയറ്റി അയയ്ക്കുന്നത് പുളിയങ്കുടിയില്‍ നിന്നാണ്.
തെങ്കാശി ജില്ലയില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആര്യങ്കാവ് ചെക്പോസ്റ്റില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവില്‍ തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ അണുനശീകരണം നടത്തി കടത്തിവിടുകയാണ് ചെയ്യുന്നത്. ഡ്രൈവറുടേയും ക്ലീനറുടേയും ശരീരോഷ്മാവ് മാത്രമാണ് പരിശോധിക്കുന്നത്.
Post Your Comments