USALatest NewsNewsInternational

അമേരിക്ക വീണ്ടും തുറക്കാനുള്ള ട്രംപിന്റെ മൂന്നാം ഘട്ട പദ്ധതി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാനുള്ള മൂന്നാം ഘട്ട പദ്ധതി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി.

കഴിഞ്ഞയാഴ്ച 5.2 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായി തൊഴില്‍ വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. കൊവിഡ്-19 പാന്‍ഡെമിക്കില്‍ നിന്നുള്ള തൊഴില്‍ നഷ്ടം മാര്‍ച്ചില്‍ 22 ദശലക്ഷമായിരുന്നു. ഇത് യുഎസിലെ തൊഴില്‍ നഷ്ടത്തിന്‍റെ ഏറ്റവും മോശം അവസ്ഥയാണ്. രാജ്യത്ത് നാശം വിതച്ച പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 5.9 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഈ ആഴ്ച പ്രവചിച്ചിരുന്നു.

നിര്‍ബന്ധിത സാമ്പത്തിക മാന്ദ്യത്തോടൊപ്പം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പൊതുജനാരോഗ്യത്തെ വളരെയധികം ബാധിക്കുമെന്ന് വാദിച്ച ട്രംപ്, തന്‍റെ ഭരണകൂടം പുതിയ ഫെഡറല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെന്നും ഗവര്‍ണര്‍മാര്‍ക്ക് അവരുടെ വ്യക്തിഗത സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്നതിന് ഘട്ടം ഘട്ടമായുള്ള സമീപനം സ്വീകരിക്കാന്‍ അനുവദിക്കുമെന്നും പറഞ്ഞു.

ആരോഗ്യമുള്ള അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ജോലിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു.

‘ഒട്ടാകെയുള്ള അടച്ചു പൂട്ടലിനുപകരം, ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് അഭയം നല്‍കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും,’ അദ്ദേഹം പറഞ്ഞു. പുതിയ കേസുകളുടെ വളര്‍ച്ചയും ആശുപത്രി ശേഷിയും പരീക്ഷിക്കുന്നതിനുള്ള വ്യക്തമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഭരണകൂടം സ്ഥാപിക്കുകയാണ്. ചില ശാസ്ത്രജ്ഞര്‍ കരുതുതുന്നപോലെ, വീഴ്ചയില്‍ വൈറസ് തിരിച്ചെത്തിയാല്‍, ഒരുപക്ഷേ, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ അമേരിക്കയിലെ 330 ദശലക്ഷം ജനസംഖ്യയുടെ 95 ശതമാനത്തിലധികവും സ്റ്റേഹോം ഓര്‍ഡറിലാണ്. 18 പേജുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചെടുത്തത് ഗവണ്‍മെന്‍റിലുടനീളമുള്ള മികച്ച മെഡിക്കല്‍ വിദഗ്ധരാണ്. മാത്രമല്ല അവ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുറപ്പിക്കാന്‍ കഴിയുന്ന അളവുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗവര്‍ണര്‍മാരെ പ്രാപ്തരാക്കുമെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നു.

പ്രതിസന്ധി കൂടാതെ എല്ലാ രോഗികള്‍ക്കും ചികിത്സ നല്‍കാനുള്ള വിഭവങ്ങളുള്ള ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ശക്തമായ പരിശോധന പരിപാടിയും മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും ബിസിനസുകള്‍ വീണ്ടും തുറക്കുന്നതിനുമുള്ള സമയത്തെക്കുറിച്ച് പ്രസിഡന്റ് അടുത്ത ദിവസങ്ങളില്‍ ഗവര്‍ണര്‍മാരുമായി വാദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തന്‍റെ അധികാരങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ പരിമിതമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു.

വൈറ്റ് ഹൗസിലെ കൊവിഡ്-19 ടാസ്ക്ഫോഴ്സിന്‍റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞത് അമേരിക്ക വീണ്ടും തുറക്കുന്നതിനുള്ള പ്രസിഡന്റിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മികച്ച ശാസ്ത്രത്തിന്‍റെ ഉല്‍പ്പന്നമാണെന്നും, ഒപ്പം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശാലമായ ഉപദേശകരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയിട്ടുള്ളതുമാണെന്നാണ്.

24 മണിക്കൂറിനുള്ളില്‍ 4,591 അമേരിക്കക്കാര്‍ മരിച്ചു

കൊറോണ വൈറസ് മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,591 പേരാണ് അമേരിക്കയില്‍ മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ 24 മണിക്കൂറിനുള്ളില്‍ 4,591 അമേരിക്കക്കാര്‍ മരിച്ചു. മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ബുധനാഴ്ച 2,569 ആയിരുന്നു. ന്യൂയോര്‍ക്ക് നഗരവും അതിനോട് ചേര്‍ന്നുള്ള ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങള്‍ യുഎസിലെ വൈറസിന്‍റെ പ്രഭവകേന്ദ്രമായി മാറി.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button