KeralaLatest NewsNews

കോവിഡ് 19: കേന്ദ്രത്തിന്റെ മൗനം കുരുതി കൊടുക്കുന്നത് പ്രവാസികളുടെ ജീവൻ : ഗ്ലോബൽ പ്രവാസി അസോസിയേഷൻ

ദുബായ് • കോവിഡ് പകരുമോ എന്ന മാനസിക സമ്മർദ്ധങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ദുബായിൽ മലയാളി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചിരുന്നു. ജബൽ അലി വ്യവസായ മേഖലയിൽ ജോലി ചെയ്തുവരുന്ന കൊല്ലം സ്വദേശി അശോകനാണ് കോവിഡ് ഭീതിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുൻപ് ഇയാൾ നാട്ടിലേക്ക് എന്നാണ് മടങ്ങാൻ കഴിയുക എന്ന് പലരോടും വിളിച്ചന്വേഷിച്ചിരുന്നു. എന്നാൽ ഉടനെയൊന്നും വിമാനം സർവീസ് ഉണ്ടാവില്ല എന്ന വിവരം ഇയാളെ മാനസികമായി വല്ലാതെ തളർത്തി എന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. ഒരുപക്ഷെ നാട്ടിലേക്ക് .മടങ്ങാൻ സാധിക്കാത്തതാകാം ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതും. ഇത്തരത്തിൽ ഒരു മരണം ചൂണ്ടികാണിച്ചു തരുന്നത് വലിയൊരു അപകടത്തെയാണെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി വിശദമാക്കി.

ദുബായിൽ ജോലി അന്വേഷിച്ച് എത്തിയ എൻജിനിയറിങ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശി ശബരീഷ് ഇപ്പോൾ ഹൃദ്രോഗം മൂലം ആശുപത്രിയിലാണ്. ജോലിയൊന്നും തരപ്പെടാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 23 ന് ഇയാൾ നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. എന്നാൽ കോവിഡ് 19 മൂലം വിമാനസർവീസുകൾ നിലച്ചതിനെ തുടർന്ന് ദുബായിൽ കുടുങ്ങിപ്പോയ ശബരീഷിനെ കഴിഞ്ഞദിവസം പക്ഷാഘാതം വന്നതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിൽ നിന്ന് മടക്കിയ ഇയാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അടിയന്തിര ശസ്ത്രക്രിയ വേണം എന്നാണ് അറിയാൻ സാധിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ശാസ്ത്രക്രിയയ്ക്കുള്ള പണം ഉടൻ കെട്ടിവെയ്ക്കണമെന്ന ആശുപത്രി അധികൃതർ അറിയിച്ചതിനെതുടർന്ന് ഇയാൾ ഇപ്പോൾ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

വിമാന സർവീസ് മുടങ്ങിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികളുൾപ്പടെ നിരവധി ഇന്ത്യക്കാരാണ് ദുബായിയടക്കമുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. കോവിഡ് ഭീതിയെ തുടർന്ന് ഇന്ന് അശോകൻ ചിന്തിച്ചത് പോലെ നാളെ മറ്റു പ്രവാസികളും ചിന്തിച്ചു തുടങ്ങിയാൽ എന്താകും അവസ്ഥ. ഈ ഒരു ഭീതിയെ തുടർന്ന് ഇനിയുമൊരു പ്രവാസി ആത്മഹത്യ ചെയ്യില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകാൻ സാധിക്കുമോ? ശബരീഷിനെ പോലെ വിസിറ്റ് വിസയിലെത്തിയ ഇൻഷുറൻസ് പരിരക്ഷ ഒന്നും ഇല്ലാത്ത മറ്റൊരാൾക്കും കൂടി നാളെ ഇതുപോലെ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നാൽ എന്ത് ചെയ്യും, അവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമോ? ഇനിയും എന്തിനാണ് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത്? എല്ലാ രാജ്യക്കാർക്കും സ്വന്തം പൗരൻമാരെ തിരികെ കൊണ്ടു പോകുന്നതിനുള്ള അനുമതി യു.എ.ഇ ഗവൺമെന്റ് നൽകി കഴിഞ്ഞു. സർവീസ് നടത്താൻ വിമാന കമ്പനികളും തയ്യാറാണ്. ഇനി വേണ്ടത് തങ്ങളുടെ നാട്ടിൽ കാലുകുത്തുവാനുള്ള കേന്ദ്രത്തിന്റെ അനുമതി മാത്രമാണ്.

കേന്ദ്രത്തിന്റെ അനുമതി വൈകുംതോറും ഇന്ത്യൻ പ്രവാസികൾക്ക് മുന്നിലുള്ള പ്രതീക്ഷ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ നിരാശ അനേകം പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പ്രവാസലോകത്തു കോവിഡ് ബാധിക്കാതെ തന്നെ മരണനിരക്ക് കൂടാനാണ് സാധ്യത. ഇനിയും മൗനമായി ഇരിക്കാതെ കേന്ദ്രം ഉചിതമായ നടപടി ഉടൻ സ്വീകരിച്ചില്ലായെങ്കിൽ സംഭിവിക്കാൻ പോകുന്നത് വലിയൊരു കൂട്ടകുരുതിയായിരിക്കും. അതുകൊണ്ട് പ്രവാസികളും പ്രവാസി സംഘടനകളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. പ്രവാസികൾ നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ചു ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അതീഖ് അസ്ഹരി, ഫർസാന, അൻഷീറ, ദീപക് കുന്നത്ത് എന്നിവർ ആശങ്ക പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button