ഗോരഖ്പൂർ: ദളിത് സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർ പ്രദേശിലെ ഖുശിനഗറിൽ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് സംഭവം. ജില്ലയിലെ ഭുജൗലി ഖുർദ് ഗ്രാമത്തിൽ നിന്നുള്ള സെറാജ് അഹമ്മദ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
ഇയാളെക്കൂടാതെ നാലുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ദില്ലിയിൽ നിന്നും മാർച്ച് 29നാണ് ഇയാൾ തിരികെ എത്തിയത്. ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇയാൾ. പാചകക്കാരൻ വരാതിരുന്നതിനെ തുടർന്ന് ദളിത് വിഭാഗത്തിൽ പെട്ട ലീലാവതി ദേവി എന്ന സ്ത്രീയാണ് ഭക്ഷണം പാകം ചെയ്തത്. ഇവർ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്നായിരുന്നു സെറാജ് അഹമ്മദിന്റെ നിലപാട്. ഇതിനെ തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദേശ്ദീപക് സിംഗ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ രമാകാന്ത് എന്നിവരെ ലീലാവതി സംഭവത്തെക്കുറിച്ച് അറിയിച്ചു.
കൂടാതെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു, പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം അഹമ്മദിനെതിരെ കേസെടുത്തതായി ഖദ്ദ പൊലീസ് അറിയിച്ചു. ബിജെപി എംഎൽഎ വിജയ് ദുബൈ ലീലാവതി ദേവിയുടെ വീട്ടിലെത്തുകയും കഴിക്കാൻ ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുകൂടായ്മ ഒരു സാമൂഹിക തിന്മയാണെന്നും അത് യാതൊരു വിധത്തിലും അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments