
കട്ടപ്പന • ‘മംഗല്യം തന്തു നാനേ നാ …. മമ ജീവന ഹേതു നാ ‘ മനം നിറയെ കൊട്ടും കുരവയും ആരവവുമായി അമല്‍, അഖിലയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. വിവാഹ വേദിയില്‍ ബന്ധുമിത്രാദികളുടെ തിരക്കും ബഹളവുമില്ല, ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശങ്ങളോ ഫ്ലാഷ് ലൈറ്റുകളോ ഇല്ല, വിവാഹസദ്യ ഉണ്ണാന്‍ ആളുകളുടെ ഇടിച്ചു കയറ്റമില്ല. വധുവും വരനും ഉള്‍പ്പെടെ ആകെ പത്തു പേര്‍ മാത്രം. ഇതാണ് ടിപ്പിക്കല്‍ ലോക്ക് ഡൗണ്‍ വിവാഹം. കട്ടപ്പന വെള്ളയാംകുടി ഞാറയ്ക്കല്‍ ബാബു – സജിനി ദമ്പതികളുടെ ഏകമകനാണ് എഞ്ചിനീയറായ അമല്‍. അയ്യപ്പന്‍ കോവില്‍ ,പരപ്പ് സ്വദേശി വരയത്തു വീട്ടില്‍ ശിവദാസിന്റയും ശ്യാമളയുടെയും മകളാണ് ഈസ്റ്റേണില്‍ ആര്‍ ഡി എക്സിക്യൂട്ടീവായ അഖില.
രണ്ടായിരത്തിലധികം പേര്‍ എത്തേണ്ടിയിരുന്ന, ആഘോഷപൂര്‍വ്വം നടത്തേണ്ടിയിരുന്ന വിവാഹം, പത്തുപേരില്‍ ഒതുക്കേണ്ടി വന്നു. എങ്കിലും കോവിഡ്- 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ പ്രയത്നിക്കുന്ന ഭരണകൂടത്തിനോട് ഇങ്ങനെയെങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരു കുടുംബവും. കോവിഡ്- 19 പ്രതിരോധ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചാണ് തോണിത്തടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നത്. ചെക്കന്‍ വീട്ടില്‍ നിന്നും വരനായ അമലും മാതാപിതാക്കളും അമലിന്റെ മാതൃസഹോദരീ പുത്രിയും വധൂഗൃഹത്തില്‍ നിന്നും വധുവായ അഖിലയും അനിയന്‍ അനന്തുവും മാതാപിതാക്കളും മാത്രമാണ് എത്തിയത്. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കി. ലളിതമായ ചടങ്ങുകളോടെ പുത്തന്‍നടയില്‍ ഷാജന്‍ ശാന്തികളുടെ കാര്‍മികത്വത്തില്‍ വിവാഹം സമംഗളം നടന്നു. ഇവരുടെ ജീവിതത്തിലെ ഈ സുന്ദരനിമിഷം അമലിന്റെ സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തി. 2019 ആഗസ്ത് 20നാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ആറു മാസത്തിനു ശേഷം നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇനിയും നീട്ടിക്കൊണ്ടു പോകേണ്ടതില്ല എന്ന ഇരുവീട്ടുകാരുടെയും തീരുമാനപ്രകാരമാണ് ഈ ലോക്ക് ഡൗണ്‍ വേളയില്‍ പോലീസില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി, മുന്‍കരുതലുകളെല്ലാം പാലിച്ച് നടത്തിയത്. ‘ഹര്‍ത്താലോ, ബന്ദോ മറ്റോ ആണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്ന് ഉറപ്പാണ്, ഇത് ഒരു രോഗബാധയല്ലേ, എന്ന് പൂര്‍ണ്ണമായും ഇല്ലാതാക്കാമെന്ന് ആര്‍ക്കും അറിയില്ലല്ലോ, ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ പോലും ആഘോഷപൂര്‍വ്വം ആളുകളെ വിളിച്ച് വിവാഹം നടത്താമെന്ന് ഉറപ്പില്ല, അതുകൊണ്ടാണ് നിശ്ചയിച്ച ദിവസം തന്നെ ലളിതമായിട്ടാണെങ്കിലും വിവാഹം നടത്താന്‍ തീരുമാനിച്ചത് ‘ അമലിന്റെ അച്ഛന്‍ ബാബു പറയുന്നു.
കാര്യങ്ങളെല്ലാം അറിയുന്ന ബന്ധുമിത്രാദികള്‍ക്കൊന്നും ഇക്കാര്യത്തില്‍ പരാതിയില്ലെന്നതാണ് ഇവരുടെ വലിയ സന്തോഷം. ഒരു വിവാഹത്തില്‍ വധൂവരന്‍മാരടക്കം 10 പേര്‍ മതിയെന്ന ശ്രീ നാരായണ ഗുരുവിന്റെ ഉപദേശവും ഗുരുഭക്തരായ ഇവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി.
Post Your Comments