മുംബൈ : കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ വിപണി, ഇന്ത്യയില്‍ നഷ്ടം 15,000 കോടി . ലോക്ക്ഡൗണ്‍ കാരണം വ്യവസായത്തിന് 15,000 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് ഇന്ത്യാ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു. ഇത് ഇപ്പോഴത്തെ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആഘാതം ലഘൂകരിക്കാന്‍ ഞങ്ങള്‍ അംഗങ്ങളോട് സംസാരിക്കുകയും സര്‍ക്കാരിനെ സമീപിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി വളരെ വലുതാണ്. 2018-2019 ല്‍ ഇത് 1.7 ലക്ഷം കോടി രൂപയായിരുന്നു. മാത്രമല്ല, ഇന്ത്യയില്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതെന്തും സ്മാര്‍ട് ഫോണുകളുടെ ആഭ്യന്തര ഡിമാന്‍ഡ് കണക്കിലെടുത്താണ്. സര്‍ക്കാര്‍ വ്യവസായത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ കോവിഡ് -19 പടരുന്നത് തടയാന്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും എല്ലാ കമ്പനികളും ഇത് പാലിക്കുന്നുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ വിതരണക്കാരനായ ഷഓമി, ലോക്ക്ഡൗണിന്റെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ 30,000 പേരെ വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ തീരുമാനിച്ചിരുന്നു. കൊറോണ വൈറസിന്റെ ആഘാതം ഡിസംബര്‍ മുതല്‍ ഇന്ത്യന്‍ മൊബൈല്‍ മേഖലയെ ബാധിച്ചു. നേരത്തെ, ചൈനയില്‍ നിന്നുള്ള പാര്‍ട്‌സുകളുടെ വിതരണം സ്തംഭിച്ചതിനാല്‍ ബിസിനസിനെ ബാധിച്ചിരുന്നു. ഇപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
Post Your Comments