ദോഹ : ഖത്തറിൽ കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന ഒരാള്‍ ശനിയാഴ്ച മരണപ്പെട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 57 വയസുകാരനായ ബംഗ്ലാദേശുകാരനാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
മാര്‍ച്ച് 16നു ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. ചികിത്സയിലായിരുന്ന രോഗിയുടെ മരണത്തില്‍ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
അതിനിടെ 28പേരിൽ കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 590 പേരായി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ പലയിടങ്ങളില്‍ നിന്ന് ഖത്തറില്‍ മടങ്ങി എത്തിയവരും നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഉള്‍പ്പെടുന്നു. രണ്ട് പേര്‍ക്ക് രോഗം ഭേദമായി,രണ്ട് പേരും സ്വദേശികളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിച്ചവരുടെ എണ്ണം 45 ആയി.
Post Your Comments