‘ജനുവരി 18 ന് ശേഷം വിദേശത്ത് നിന്ന് രാജ്യത്തെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രം : സംസ്ഥാനങ്ങൾക്ക് കത്ത്

വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ ജനുവരി 18 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.എല്ലാ വിമാന സര്‍വ്വീസുകളും ഈ മാസം 23 നുള്ളില്‍ നിര്‍ത്തിവെച്ചിരുന്നു.

ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനുവരി 18 ന് ശേഷം വിദേശരാജ്യത്ത് നിന്നെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇതു സംബന്ധിച്ചുള്ള കത്ത് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കൈമാറി. 15 ലക്ഷം പേര്‍ ഈ കാലയളവില്‍ വിദേശത്ത് നിന്ന് രാജ്യത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ ജനുവരി 18 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.എല്ലാ വിമാന സര്‍വ്വീസുകളും ഈ മാസം 23 നുള്ളില്‍ നിര്‍ത്തിവെച്ചിരുന്നു.

ഈ കാലയളവില്‍ ഏതാണ്ട് 15 ലക്ഷം പേര്‍ ഇന്ത്യയിലേക്ക് വന്നെന്ന് ബ്യൂറോ ഓഫ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും, വിദ്യാര്‍ത്ഥികളുടേയും സേവനം ആവശ്യപ്പെടുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതിലൂടെ നിലവില്‍ രാജ്യത്ത് 50,000 ഡോക്ടര്‍മാരുടെ സേവനം അധികമായി ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. അലോപ്പതി വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടേയും സര്‍ക്കാര്‍ സേവനമേഖലകളില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരുടേയും സേവനമാണ് ആരോഗ്യവകുപ്പ് ഏകോപിപ്പിക്കാനുദ്ദേശിക്കുന്നത്. ഇതുപ്രകാരം നിലവിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യസേവനം ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി കേന്ദ്ര ആരോഗ്യവകുപ്പും മെഡിക്കല്‍ കൗണ്‍സിലും നല്‍കിക്കഴിഞ്ഞു.

അലോപ്പതി മേഖലയിലെ അനസ്തേഷ്യ, പള്‍മണോളജി, കാര്‍ഡിയോളജി, റേഡിയോളജി മേഖലയില്‍ അവസാന വര്‍ഷപരീക്ഷ എഴുതാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് ബോര്‍ഡിന്റെ പ്രത്യേകാനുമതിയാണ് നല്‍കുന്നത്. ഇവര്‍ക്കെല്ലാം ‘ബോര്‍ഡ് സര്‍ട്ടിഫൈഡ്’ ബിരുദം സേവനത്തെ മാനിച്ചുകൊണ്ട് നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share
Leave a Comment