ന്യൂഡൽഹി: കോവിഡ് 19 രോഗ ബാധയിൽ ഇന്ത്യയിൽ രണ്ടു മരണം കൂടി. ഇതോടെ മരണ സംഖ്യ ആറായി. മുംബൈയിലും, പാട്നയിലുമാണ് മരണങ്ങൾ നടന്നത്. കൊറോണയുടെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഇന്ന് രാജ്യവ്യാപകമായി ജനതാ കര്‍ഫ്യു പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചത്.
മുംബൈയിൽ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 63 കാരനാണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയില്‍ വലിയതോതില്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തത് ഗൗരവത്തോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്.
അതേസമയം, കോവിഡ് 19 വൈറസ് വ്യാപകമായി പടർന്നു പിടിച്ച ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിലെത്തിച്ചു. റോമിൽ നിന്നും 263 വിദ്യാർഥികളുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ 9.15 ന് ഡൽഹി വിമാനത്താവളത്തിലെത്തി.
പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം വിദ്യാർഥികളെ ഡൽഹി ചവല ഐടിബിപി ക്യാമ്പിലേക്ക് മാറ്റി. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശനിയാഴ്ച വൈകുന്നേരമാണ് വിമാനം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിരുന്നു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Post Your Comments