പുളിങ്കുന്ന്: സ്ഫോടനമുണ്ടായ പടക്കനിര്‍മാണശാലയുടെ ഉടമയുടെ വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പക്കശേഖരം കണ്ട് പോലീസ് ഞെട്ടി. ലക്ഷക്കണക്കിനു രുപയുടെ ഓലപ്പടക്കങ്ങളും സ്ഫോടകവസ്തുക്കളുമായിരുന്നു അടുക്കളയിലെ രഹസ്യനിലവറയില് സുക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം പുളിങ്കുന്ന് എല്‍.പി. സ്കൂളിന് എതിര്‍വശത്തുള്ള പുത്തന്‍പുരയ്ക്കല്‍ ബിനോയ്(ബിനോച്ചന്‍), കൊച്ചുമോന് ആന്റണി(തങ്കച്ചന്) എന്നിവരുടെ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേരാണു മരിച്ചത്.
ഇന്നലെ പുളിങ്കുന്ന് സി.ഐ. നിസാമിന്റെ നേതൃത്വത്തില്‍ ബിനോയിയുടെ ഇരുനില കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിനു രൂപയുടെ ഓലപ്പടക്കവും പടക്കം നിര്‍മിക്കാനുള്ള നിരോധിത സ്ഫോടക വസ്തുക്കളും വിവിധയിനം പൗഡറുകളും തിരിയും കുറ്റിയും തഴയും പേപ്പറും കണ്ടെടുത്തു. അടുക്കളയിലെ നിലവറയിലാണു സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന ഭാഗത്ത് രണ്ടടി സമചതുരത്തില്‍ പലകയുടെ പുറത്ത് ടൈല്‍സ് ഒട്ടിച്ചാണു രഹസ്യ അറ നിര്‍മിച്ചിരുന്നത്.
താഴേക്ക് ഇരുമ്പ് പൈപ്പുപയോഗിച്ചു നിര്‍മിച്ചിരുന്ന ചവിട്ടുപടിയിലൂടെ താഴേക്കിറങ്ങിയ പോലീസ് പടക്ക ശേഖരം കണ്ട് ഞെട്ടി. പൊട്ടാസ്യം സള്‍ഫെയ്റ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും വിവിധതരം പൗഡറുകളും കണ്ടെത്തി.തുടര്‍ന്ന് ഫോറന്‍സിക് വിഭാഗത്തെ അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വേനല്‍ ചൂട് കടുത്തിട്ടും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ മിതത്വം പാലിക്കാത്തതാണു ദുരന്തത്തിനു വഴിയൊരുക്കിയത്.
അതേസമയം പോലീസിനെതിരെയും ആരോപണമുണ്ട്. പോലീസിന്റെ മൂക്കിനുതാഴെ അരനൂറ്റാണ്ടായി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാല കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. ഇതാണു മൂന്ന് ജീവനുകള്‍ നഷ്ടമാകാന്‍ കാരണം.പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്ന് 500മീറ്റര്‍ മാത്രം അകലെയായിരുന്നു പുളിങ്കുന്ന് പഴയ സി.ഐ. ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നിട്ടും പരാതിയില്ല എന്ന കാരണത്താല്‍ പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ല.
പഞ്ചായത്തും റവന്യൂ അധികാരികളും അനധികൃത പടക്ക നിര്‍മാണ ശാലയ്ക്ക് മൗനാനുവാദം നല്‍കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലെ തൊഴിലാളി ഒരു പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായിരുന്നു. ഇതേ പടക്ക നിര്‍മാണ ശാലയില്‍ 20വര്‍ഷം മുമ്പുണ്ടായ സ്ഫോടനത്തില്‍ കൊച്ചുമോന് ആന്റണി(തങ്കച്ചന്)യുടെ സഹാദരന് മരിച്ചിരുന്നു.
Post Your Comments