ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ തൂക്കിലേറ്റിയ കുറ്റവാളികളുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരവുമായി ബന്ധപ്പെട്ട് പരസ്യമായ ഒരു ചടങ്ങും അനുവദിക്കില്ലെന്നു ബന്ധുക്കളില്‍നിന്നു രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്‌ക്കു വധശിക്ഷ നടപ്പാക്കിയെങ്കിലും അര മണിക്കൂറിനു ശേഷം വൈദ്യപരിശോധന നടത്തി മരണം ഉറപ്പാക്കിയതിനു ശേഷമാണു മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍നിന്നു താഴെയിറക്കിയത്.
തുടര്‍ന്ന്, ഡി.ഡി.യു. ആശുപത്രിയിലെത്തിച്ച് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണു ബന്ധുക്കള്‍ക്കു കൈമാറി. പ്രതിഭാഗത്തിന്റെ അവസാന അപേക്ഷ പുലര്‍ച്ചെ 3.30-നു സുപ്രീം കോടതി നിരസിച്ചതിനു പിന്നാലെ 5.30-നു ശിക്ഷ നടപ്പാക്കി.ദേശീയപതാകയുമായി ജയില്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നവര്‍ വാര്‍ത്ത അറിഞ്ഞതോടെ ആര്‍പ്പുവിളിച്ച് മധുരം പങ്കിട്ടു. ഏഴു വര്‍ഷത്തിനും മൂന്നു മാസത്തിനും ശേഷം നിര്‍ഭയയുടെ അമ്മ ആശാദേവി മനസ് നിറഞ്ഞു ചിരിച്ചു. “ഇനി എന്റെ മകള്‍ ഉറങ്ങട്ടെ” എന്നു പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിനെതിരേ പരിഗണനയിലുണ്ടായിരുന്ന ഹര്‍ജികള്‍ വ്യാഴാഴ്‌ച രാവിലെയും ഉച്ചയ്‌ക്കുമായി സുപ്രീം കോടതിയും പാട്യാലാ ഹൗസ് സമുച്ചയത്തിലെ പ്രത്യേക കോടതിയും തീര്‍പ്പാക്കിയിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയപാടെ പ്രതിഭാഗം ഹൈക്കോടതിയിലേക്കു പാഞ്ഞു. രാത്രി പത്തേകാലോടെ ജസ്‌റ്റിസ് മന്‍മോഹന്റെ വസതിയില്‍ ഡിവിഷന്‍ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി ഹര്‍ജി തള്ളിക്കളഞ്ഞു.തുടര്‍ന്ന്, സുപ്രീം കോടതിയിലേക്ക്.
പുതിയ അപേക്ഷ പരിഗണിക്കാനായി സുപ്രീം കോടതിയുടെ വാതില്‍ അര്‍ധരാത്രിക്കു ശേഷം ഒരിക്കല്‍ക്കൂടി തുറന്നു. പ്രതിഭാഗം നിരത്തിയ ഒരു വാദവും ശിക്ഷ മാറ്റിവയ്‌ക്കാന്‍ പര്യാപ്‌തമല്ലെന്ന് ജസ്‌റ്റിസ് ആര്‍. ഭാനുമതി, ജസ്‌റ്റിസ് അശോക് ഭൂഷണ്‍, ജസ്‌റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവര്‍ വിധിയെഴുതി. തുടര്‍ന്ന് ജയിലധികൃതര്‍ ശിക്ഷ നടപ്പാക്കലിലേക്കു കടന്നു. മീററ്റില്‍നിന്ന് എത്തിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് നാലു പേരെയും ഒരേസമയം തൂക്കിലേറ്റി.
Post Your Comments