ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ നിയമമാക്കിക്കഴിഞ്ഞ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെലങ്കാന സംസ്ഥാന നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിനെതിരെ പൊതു താല്‍പ്പര്യ ഹര്‍ജി. ബിജെപിയുടെ ഇന്ദ്രസേന റെഡ്ഡിയാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. തെലങ്കാന സര്‍ക്കാര്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നീ നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 16-ാം തീയതിയാണ് തെലങ്കാന നിയമസഭയില്‍ കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കിയത്. രാജ്യത്തിന്റെ സുരക്ഷിതത്വം, പൊതു ജനസംഖ്യാനുപാതം, പൊതു സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള നിയമങ്ങളെ അതേ രാജ്യത്തെ ഒരു സംസ്ഥാനം എതിര്‍ക്കുന്നത് ഭരണഘടനാപരമായി സാധൂകരിക്കാന്‍ പറ്റുന്നതല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
‘ദേശീയ പൗരത്വ ഭേദഗതി നിയമം ലോകസഭയില്‍ പാസ്സാക്കിയത് ചില പ്രത്യേക സമൂഹത്തിനെ അതീവ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് ദേശീയ പൗരത്വ രജിസ്റ്ററിലേക്കും പിന്നീട് പൗരത്വ പട്ടികയിലേക്കും മുഴുവന്‍ സംസ്ഥാനങ്ങളേയും വലിച്ചിഴക്കും’ നിയമസഭ പ്രമേയ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ റെഡ്ഡി ഹര്‍ജിയില്‍ സൂചിപ്പിച്ചു.
Post Your Comments