തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിശ്ചലമായി തലസ്ഥാന നഗരം. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂര്‍ , കിഴക്കേക്കോട്ട ഉള്‍പ്പടെ വിജനമാണ്. ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും അടച്ചിടണമെന്നായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. വര്‍ക്കലയില്‍ കോവിഡ് ബാധിച്ച ഇറ്റാലിയന്‍ പൌരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാകാത്തതിനാലാണ് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര നിര്‍ദ്ദേശത്തെതുടര്‍ന്ന് മാളുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആളൊഴിഞ്ഞു.നോട്ടീസ് ലഭിക്കാത്തതിനാല്‍ മാളുകള്‍ അടച്ചിരുന്നില്ല. എന്നാല്‍ നിര്‍ദ്ദേശത്തിന് പിന്നാലെ തലസ്ഥാന നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും മാളുകളിലും ആളൊഴിഞ്ഞു. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇറ്റാലിയന്‍ സ്വദേശിയുടെ സഞ്ചാരപാത തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന ജില്ലയായി തലസ്ഥാനം മാറി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പല ആവശ്യങ്ങള്‍ക്കായി ആയിരക്കണക്കിന് പേരാണ് തലസ്ഥാന നഗരിയിലെത്തുന്നത്. ജാഗ്രതാ നിര്‍ദേശത്തിന് ശേഷം കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ പത്ത് ശതമാനം പോലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തിയ ട്രെയിനുകളും വിജനമായിരുന്നു. കോവിഡ് വൈറസുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളില്‍ വലിയ ആശങ്ക ഉയര്‍ന്നപ്പോഴും തലസ്ഥാനനഗരി രോഗത്തില്‍ നിന്നും മുക്തമായിരുന്നു.
രോഗബാധിതനായ ഇറ്റാലിയന്‍ പൌരന്‍ രണ്ടാഴ്ചക്കിടെ കൊല്ലത്തെത്തി ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തിരുന്നതായി അധികൃതര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനാല്‍ ആശങ്കയിലാണ് തലസ്ഥാനം ഉള്ളത്. മിക്ക സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികൾക്ക് വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള അവസരം നൽകിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി മലയാളം പോർട്ടലിൽ ജോലി ചെയ്യുന്നവർക്കും വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments