മുംബൈ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ബിജെപിയിലേയ്ക്കുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവേശനം ബിജെപിയൊഴികെയുള്ള എല്ലാ രാഷ്ട്രീയനേതാക്കളേയും ആശങ്കയിലാഴ്ത്തി. പ്രത്യേകിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയും ജ്യോതിരാദിത്യയെ അനുകൂലിക്കുന്ന 22 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്ന് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയതില്‍ പ്രതികരണവുമായി ശിവസേന രംഗത്തെത്തി. . മഹാവികാസ് അഖാഡി സര്‍ക്കാര്‍ സുരക്ഷിതമാണെന്നും മധ്യപ്രദേശ് വൈറസ് മഹാരാഷ്ട്രയിലെത്തില്ലെന്നും ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ കരുത്ത് വേറെയാണ്. ഒരു ഓപ്പറേഷന്‍ 100 ദിവസം മുമ്ബ് പൊളിഞ്ഞിരുന്നു. മഹാവികാസ് അഖാഡി ഒരു ബൈപാസ് സര്‍ജ്ജറി ചെയ്ത് മഹാരാഷ്ട്രയെ രക്ഷിച്ചു – സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
read also : ഓപ്പറേഷന്‍ താമര ഭീതിയിൽ മഹാരാഷ്ട്ര; വീഴുമോ ഉദ്ധവ് സർക്കാർ?
മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര നടക്കില്ലെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. മധ്യപ്രദേശില്‍ സംഭവിച്ചത് മഹാരാഷ്ട്രയില്‍ നടക്കില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നങ്ങളാണ് മധ്യപ്രദേശിലെ കുഴപ്പങ്ങള്‍ക്ക് കാരണം. മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ലോട്ടസ് (ഓപ്പറേഷന്‍ താമര) നടത്താന്‍ ആഗ്രഹിക്കുന്നവരുടെ ഓപ്പറേഷന്‍ ഞങ്ങളിവിടെ നടത്തും – സഞ്ജയ് റാവുത്ത് പറഞ്ഞു.
മഹാവികാസ് അഖാഡി സഖ്യത്തില്‍ ശിവസേനയ്ക്കും എന്‍സിപിക്കും കോണ്‍ഗ്രസിനുമായി 154 സീറ്റുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തോളമായി പല വിഷയങ്ങളിലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ശിവസേനയുമായും ആശയപരമായി രൂക്ഷമായ അഭിപ്രായഭിന്നതകളിലാണ് എന്‍സിപിയും കോണ്‍ഗ്രസും. ഭീമ കോറിഗാവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷദ് കേസില്‍ അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നും കാര്യങ്ങളെല്ലാം സുഗമമായാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നും ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി ദേശീയ വക്താവുമായ നവാബ് മാലിക്ക് പറഞ്ഞു.
Post Your Comments