കൊച്ചി: പുതിയൊരു കേരളം പടുത്തുയര്‍ത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മാണം രാജ്യത്തിന് തന്നെ ഒരു മാതൃക ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ ഹോംസ് നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2018ലെ പ്രളയത്തില്‍ സമാനതകളില്ലാത്ത നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. അതിനെ അതിജീവിക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ് അതിജീവനത്തിന്റെ ചാലകശക്തി. റീബില്‍ഡ് കേരള പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സഹകരിക്കാന്‍ തയ്യാറായി. സാമ്പത്തികമായി മാത്രമല്ല, സ്ഥലവും മറ്റ് സഹായങ്ങളും അവര്‍ നല്‍കി. മനുഷ്യസ്‌നേഹം ഇനിയും വറ്റിയിട്ടില്ലാത്ത ധാരാളം പേര്‍ നമുക്ക് ചുറ്റും ഉണ്ടെന്നുള്ളത് ആവേശകരമായ അനുഭവമാണ്. പ്രളയ ദുരിതാശ്വാസത്തിന് ആദ്യഘട്ടം മുതല്‍ ആസ്റ്റര്‍ സര്‍ക്കാരിനൊപ്പം നിന്നു. പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന് ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുന്നോട്ടുവന്ന എല്ലാവരോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു. സാമൂഹ്യ സേവനത്തില്‍ ആസ്റ്റര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത് എന്നും ആസാദ് മൂപ്പന്‍ മനുഷ്യസ്‌നേഹിയായ സംരംഭകനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read : സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന്: ആരോഗ്യമന്ത്രി
വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കാതെ മണ്‍മറഞ്ഞ ഹതഭാഗ്യര്‍ ഉണ്ട്. ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിക്കു കീഴില്‍ ഇതിനകം രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. ശേഷിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹതയുള്ളവര്‍ ഉണ്ടെന്ന് പൊതു അഭിപ്രായമുണ്ട്. അതിനാല്‍ നിലവിലെ പട്ടികയിലെ ഗുണഭോക്താക്കളെ കൂടാതെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി മറ്റൊരു പട്ടിക തയ്യാറാക്കാന്‍ പദ്ധതിയുണ്ട്. എല്ലാവര്‍ക്കും വീട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആസ്റ്റര്‍ മികച്ച മാതൃകയാണ് നല്‍കുന്നത്. ഭാവിയിലും ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ ആസ്റ്ററിനു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Post Your Comments